ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും വീട്ടിലില്ല, മൂന്നുപേരും ഒളിവില്‍, നാട് മുഴുവന്‍ തിരഞ്ഞ് പൊലീസ്‌

 ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും വീട്ടിലില്ല, മൂന്നുപേരും ഒളിവില്‍, നാട് മുഴുവന്‍ തിരഞ്ഞ് പൊലീസ്‌

തിരുവനന്തപുരം : അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുപ്രതികളും ഒളിവിലെന്ന് പൊലീസ്. ഇവര്‍ മൂന്നുപേരും വീടുകളിലില്ല. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്നുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അശ്ലീല യൂട്യൂബറെ മുറിയില്‍ കയറി കൈകാര്യം ചെയ്ത നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ല. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിയ്ക്കുണ്ട്. പ്രതികളുടേത് സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തിയെന്നും കോടതി നിരീക്ഷിച്ചു.

ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.