ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സ്വര്‍ണക്കടത്ത് പ്രതി 3 മണിക്കൂര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു, സോബിയോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ചത് ഇയാള്‍

 ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സ്വര്‍ണക്കടത്ത് പ്രതി 3 മണിക്കൂര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു, സോബിയോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ചത് ഇയാള്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നയാള്‍ വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രതി.

ഡിആര്‍ഐ (ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വിമാനത്താവളം വഴി നിരവധി തവണ സ്വര്‍ണം കടത്തിയ കേസുകളിലെ മുഖ്യ ആസൂത്രകനാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. മൂന്നു മണിക്കൂര്‍ ഇയാള്‍ അപകടസ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു.

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ ഡിആര്‍ഐ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഈ വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് സോബിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഡിആര്‍ഐ പരിശോധിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ ഡിആര്‍ഐ പരിശോധനയ്ക്കായി നല്‍കിയപ്പോള്‍ ഇയാളെ സോബി തിരിച്ചറിഞ്ഞു. അപകടസ്ഥലത്തുകൂടി കടന്നുപോയ സോബിയോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ചത് ഇയാളായിരുന്നു.

25 കിലോ സ്വര്‍ണം കടത്തിയ കേസിനെത്തുടര്‍ന്നു മുങ്ങിയ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പിടികൂടാനായാല്‍ നിരവധി സ്വര്‍ണക്കടത്തു കേസുകള്‍ക്ക് തെളിവു ലഭിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.