ശരീരത്തിൽ സുഹൃത്തിന്റെ പേര് പച്ച കുത്തി; ആ സുഹൃത്ത് തന്നെ രാജേഷിന്റെ ജീവനുമെടുത്തു

 ശരീരത്തിൽ സുഹൃത്തിന്റെ പേര് പച്ച കുത്തി; ആ സുഹൃത്ത് തന്നെ രാജേഷിന്റെ ജീവനുമെടുത്തു

കൊടുങ്ങല്ലൂർ :സ്വന്തം ശരീരത്തിൽ സുഹൃത്തിന്റെ പേര് പച്ച കുത്തി. ഒടുവിൽ അതേ സുഹൃത്തു തന്നെ രാജേഷിന്റെ ജീവനെടുത്തു. ശ്രീനാരായണപുരം പൊരി ബസാറിൽ കൊല്ലപ്പെട്ട രാജേഷും കേസിലെ പ്രതി അരുണും അടുത്ത സുഹൃത്തുക്കളായിരുന്നു. തൊഴിൽ സംബന്ധമായി അടുത്ത ഇവർ ഏറെക്കാലമായി ഒരുമിച്ചാണ്. പൊരി ബസാറിലെ വാടക വീട്ടിൽ തന്നെ 3 വർഷം ഒരുമിച്ചു താമസിച്ചു.

രണ്ടു പേരും സ്വന്തം വീടുകളുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഇന്നലെ പൊരി ബസാറിലെ വാടക വീട്ടിൽ അരുണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ രാജേഷിന്റെ മക്കൾ അച്ഛന്റെ സുഹൃത്തിനെ നിറകണ്ണുകളോടെ നോക്കി നിന്നു. രാജേഷിനു മർദനമേറ്റ തിങ്കളാഴ്ച വൈകിട്ട് രണ്ടു മക്കളും അച്ഛനെ കാണാൻ എത്തിയിരുന്നു.

പാതി അബോധാവസ്ഥയിലായ രാജേഷ് മക്കളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കിടന്നിടത്തു നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്ന രാജേഷ് മക്കളോട് സംസാരിച്ചു. മദ്യപിച്ച് അവശ നിലയിലായതിനാൽ മക്കളിരുവരും പിറ്റേന്നു വരാമെന്നു പറഞ്ഞു മടങ്ങുകയായിരുന്നു.

രാജേഷിനെ (44) കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മേത്തല കാരയിൽ അരുണിന്റെ (35) അറസ്റ്റ് രേഖപ്പെടുത്തി. പെട്രോൾ പമ്പിനു പടിഞ്ഞാറു വാടക വീട്ടിൽ ചൊവ്വ പുലർച്ചെയാണ് രാജേഷിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്നു സൂചന ലഭിച്ചതിനാൽ കൂടെ താമസിച്ചിരുന്ന അരുൺ നിരീക്ഷണത്തിലായിരുന്നു.

നട്ടെല്ലൊടിഞ്ഞ് ആന്തരിക രക്തസ്രാവം സംഭവിച്ച രാജേഷ് വീടിന്റെ ഹാളിനുള്ളിൽ കിടന്നാണ് മരിച്ചത്. അരുണിനെ ഇന്നലെ പൊരി ബസാറിലെത്തിച്ചു തെളിവെടുത്തു.