നാളെ ഞാന്‍ ഇല്ലെങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾ ഒരു കുളിർമഴയായി ഇവിടെ തുടർന്ന് കൊണ്ടിരിക്കും, ഈ തണലിൽ ഒരായിരം കുടുംബങ്ങൾ ആശ്വാസം കണ്ടെത്തണം; എന്നിട്ട് വേണം എനിക്കൊന്നു വിശ്രമിയ്ക്കാൻ; മലയാളികളുടെ സ്വന്തം നന്ദുവിന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്‌

 നാളെ ഞാന്‍ ഇല്ലെങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾ ഒരു കുളിർമഴയായി ഇവിടെ തുടർന്ന് കൊണ്ടിരിക്കും, ഈ തണലിൽ ഒരായിരം കുടുംബങ്ങൾ ആശ്വാസം കണ്ടെത്തണം; എന്നിട്ട് വേണം എനിക്കൊന്നു വിശ്രമിയ്ക്കാൻ; മലയാളികളുടെ സ്വന്തം നന്ദുവിന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്‌

ശാലിനി ചേച്ചി നമ്മളെയൊക്കെ വിട്ടുപോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു…!
ഈ അവസരത്തിൽ ഞാൻ ചിന്തിക്കുന്നത് നമ്മുടെ ക്യാൻസർ അതിജീവന കൂട്ടായ്മയെക്കുറിച്ചാണ്….
അതിന്റെ നേട്ടങ്ങളെക്കുറിച്ചാണ്…

നമുക്കറിയാം അർബുദം എത്രയോ കുടുംബങ്ങളെ തകർത്തെറിഞ്ഞിട്ടുണ്ട്…
കുടുംബനാഥനാണ് വരുന്നതെങ്കിൽ അതോടെ ആ കുടുംബം സാമ്പത്തികമായും മാനസികമായും ഒക്കെ പൂർണ്ണമായും തകർന്നു പോകും…

സാധാരണയായി രോഗി മരണപ്പെടുക കൂടി ചെയ്താൽ പിന്നെ ആ കുടുംബത്തിന് ആരും ശ്രദ്ധിക്കാറു കൂടിയില്ല…പിന്നീട് ആ കുടുംബം ഒറ്റപ്പെട്ടുപോകും..അവരുടെ പിന്നീടുള്ള ദുഷ്കരമായ ജീവിതത്തിൽ ആരും ഉണ്ടാകില്ല ഒരു കൈത്താങ്ങ് നൽകാൻ..
പക്ഷേ ഇന്ന് ഞങ്ങളുടെ ഈ കൂട്ടായ്മ ഉള്ളതുകൊണ്ട് അതുപോലെ ഒറ്റപ്പെട്ടുപോയ എത്രയോ മനുഷ്യർക്ക് ആശ്വാസമാകുന്നു..

ഇന്ന് ശാലിനി ചേച്ചിയുടെ മക്കളെയും അതുപോലെ ക്യാൻസർ കൊണ്ടുപോയ എത്രയോ കുടുംബങ്ങളെയും വേണ്ടവിധത്തിൽ പഴയതു പോലെ ഒരു ജീവിതത്തിലേക്ക് കൊണ്ടു വരാൻ കേരള ക്യാൻസർ ഫൈറ്റേഴ്‌സ് അതിജീവന കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്..!

തുടക്കത്തിൽ എന്നോട് വളരെ അടുപ്പമുള്ള ഒത്തിരിപ്പേർ ചോദിച്ചിട്ടുണ്ട് മോനെന്തിനാണ് ഈ വയ്യാത്ത അവസ്ഥയിലും കൂടുതൽ സമയം സങ്കടമനുഭവിക്കുന്നവരുടെ കൂടെ തന്നെ ചിലവഴിക്കുന്നത് എന്ന്…

അതിന്റെ ഉത്തരമാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്യാൻസർ അതിജീവന കൂട്ടായ്മയായ കേരള ക്യാൻസർ ഫൈറ്റേഴ്‌സ്…ഇന്ന് കേരളത്തിൽ ഏറ്റവും മികച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത് നമ്മളാണെന്ന സത്യവും അഭിമാനത്തോടുകൂടി പറയാം..

സർവ്വേശ്വരൻ അതിൽ വേണ്ടവിധത്തിൽ ഇടപെടാൻ എനിയ്ക്ക് ആരോഗ്യം തന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇങ്ങനെ ഒരു സ്നേഹക്കൂട്ടായ്മ ഇത്ര ശക്തമായി ഇവിടെ ഇപ്പോഴും ഉണ്ടാകുമായിരുന്നില്ല…ഈ കൂട്ടായ്മ ഇപ്പോഴും ഇങ്ങനെ തുടരുമായിരുന്നില്ല…
പലവട്ടം പല പ്രതിസന്ധികൾ വന്നു..

മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ട് നിന്നതിന് എത്രയോ വട്ടം പഴി കേട്ടു..
അതൊന്നും ഞാൻ കാര്യമാക്കുന്നില്ല…ഇതൊരു വൻ മരമാകണം..
ഈ തണലിൽ ഒരായിരം കുടുംബങ്ങൾ ആശ്വാസം കണ്ടെത്തണം..

ഒരു ക്യാൻസറിനും തകർക്കാൻ കഴിയാത്ത സ്നേഹബന്ധങ്ങൾ ഉടലെടുത്തു പരസ്പരം ജീവന് തുല്യം സ്നേഹിക്കണം അങ്ങോട്ടും ഇങ്ങോട്ടും കൈത്താങ്ങാകണം…
നാളെ ഞാനോ നമ്മളോ ഇല്ലെങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾ ഒരു കുളിർമഴയായി ഇവിടെ തുടർന്ന് കൊണ്ടിരിക്കും…

എന്നിട്ട് വേണം എനിക്കൊന്നു വിശ്രമിയ്ക്കാൻ…
അത് സാധ്യമാകും…അത് ഞങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നമാണ്…
ഈ ഒരു നില കൈവരിച്ചത് ഒരു കൂട്ടായ പ്രവർത്തനത്തിലൂടെയാണ്…

കീമോൾക്കിടയിലും കേരള ക്യാൻസർ ഫൈറ്റേഴ്സിന്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ഓരോരുത്തർക്കും എന്റെ ബിഗ് സല്യൂട്ട്…അതുപോലെ ഞങ്ങൾക്ക് പരിപൂർണ്ണ പിന്തുണ തന്ന് കൂടെ നിൽക്കുന്ന എന്റെ ഹൃദയങ്ങൾ നിങ്ങളോരോരുത്തരും ആണ് ഞങ്ങളുടെ ഊർജ്ജം…
പോരാളികളാണ് എന്റെ കൂടെയുള്ള ചങ്കുകൾ ഓരോരുത്തരും…
സ്നേഹമുള്ള പോരാളികൾ…!

ഒരാളും ഒറ്റപ്പെടില്ല…
ഒരാളെയും വീണുപോകാൻ അനുവദിക്കില്ല…
കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങും നമ്മൾ…
ഒരിഞ്ചെങ്കിൽ ഒരിഞ്ച്..
അത് മുന്നോട്ട് തന്നെയാകും…

ശാലിനി ചേച്ചിയുടെയും ഞങ്ങളെവിട്ടുപോയ ചങ്കുകളുടെയും ആത്മാക്കൾക്ക് മുന്നിൽ
ആത്മപ്രണാമം..❤️?
കൂടെയുണ്ടാകില്ലേ പ്രിയരേ ?
NB : ഓരോരുത്തരുടെയും പേരുകൾ എടുത്തു പറഞ്ഞാൽ ഒത്തിരിയുണ്ട്..

KCF ന്റെ സാരഥികൾക്കും പിന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന കേരളസമൂഹത്തിനും നന്മകൾ..!
KCF ഉം നിങ്ങളുടെ പിന്തുണകളും ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ഉള്ളതിനേക്കാൾ എത്രയോ അധികം ആത്മഹത്യ വാർത്തകൾ കേരളം കാണുമായിരുന്നു..
നന്ദി നന്ദി നന്ദി…
സ്നേഹപൂർവ്വം നന്ദു മഹാദേവ