കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ല, പ്രതികളുടേത് സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തി; ഭാഗ്യലക്ഷ്മിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

 കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ല, പ്രതികളുടേത് സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തി;  ഭാഗ്യലക്ഷ്മിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം : അശ്ലീല യൂട്യൂബർ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ല. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിയ്ക്കുണ്ട്. പ്രതികളുടേത് സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതി നിരീക്ഷിച്ചു.

വിജയ് പി നായരെ ലോഡ്ജ്മുറിയില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്നുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.  ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റം ചെയ്യാന്‍ മറ്റുള്ളവര്‍ക്കും ഇത് പ്രേരണയാകുമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കേസില്‍ അറസ്റ്റിലായ വിജയ് പി നായരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.