അര്‍ണബിന്റെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്നു ചാനലുകളില്‍ റേറ്റിംഗില്‍ കൃത്രിമം ! കള്ളക്കളി നടത്തിയത് പരസ്യവരുമാനം വര്‍ധിപ്പിക്കാന്‍

മുംബൈ: റേറ്റിംഗില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസ്. പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിന് റേറ്റിംഗില്‍ കൃത്രിമം കാണിച്ചു. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായും റിപ്പബ്ലിക് ടിവിയുടെ ജീവനക്കാരെ ഇന്നോ നാളെയോ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും മുംബൈ പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്തയില്‍ കൃത്രിമം നടക്കുന്നതുമായി ബന്ധപ്പെട്ട് ആഴത്തിലുളള വിശകലനം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അന്വേഷണം. എങ്ങനെയാണ് നടന്‍ സുശാന്ത്് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് എന്നതും അന്വേഷിച്ചുവരികയാണെന്നും മുംബൈ പൊലീസ് പറഞ്ഞു.
ഈ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംവീര്‍ സിങ് പറഞ്ഞു. പരസ്യത്തില്‍നിന്നല്ലാതെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പണം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും കുറ്റകൃത്യം നടന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളില്‍നിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് ചാനലുകാര്‍ ടിആര്‍പിയില്‍ കൃത്രിമം നടത്തിയതെന്നും ഇവയ്ക്ക് അനധികൃത പരസ്യഫണ്ട് ലഭിച്ചതായും പരംവീര്‍ സിങ് വ്യക്തമാക്കി. ഇത് വഞ്ചനാക്കുറ്റമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുംബൈ പൊലീസ് കമ്മീഷണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പ്രസ്താവനയില്‍ പറഞ്ഞു.
സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ ചോദ്യം ചെയ്തതിനാണ് മുംബൈ പൊലീസ് കമ്മീഷണര്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.