മദ്യലഹരിയിലെത്തിയ രണ്ടുപേര്‍ കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തു, സ്ഥലത്തെത്തിയ അഞ്ചു പേരും ഒപ്പം ചേര്‍ന്നു , 16 കാരി ജീവനൊടുക്കി ; വിവരം അറിഞ്ഞ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

റായ്പുര്‍: ഛത്തീസ്ഗഢില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പീഡനം നടന്ന് രണ്ട് മാസത്തിന് ശേഷവും കേസെടുക്കാതിരുന്ന ലോക്കല്‍ പൊലീസ്, പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യാശ്രമം നടത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്.
ഛത്തീസ്ഗഢിലെ കോണ്ടഗാവ് ജില്ലയിലാണ് സംഭവം. 16 വയസുള്ള പെണ്‍കുട്ടി സമീപ ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മദ്യലഹരിയിലെത്തിയ രണ്ടുപേര്‍ കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവിടെയെത്തിയ അഞ്ചുപേര്‍ കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നു.
മണിക്കൂറുകളോളം ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇക്കാര്യം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും ബസ്തര്‍ റേജ് ഐ ജി സുന്ദരരാജ് പറഞ്ഞു. ഭയന്നുപോയ പെണ്‍കുട്ടി വീട്ടുകാരോട് പീഡനവിവരം പറഞ്ഞില്ല. എന്നാല്‍ ഒരു സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പീഢനത്തിന്റെ മനോവിഷമത്തില്‍ ജൂലായ് 20ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.
ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് വീട്ടുകാരോട് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. ഇതുകേട്ട് വീട്ടുകാര്‍ തകര്‍ന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനാല്‍ ഇനി കേസ് നല്‍കാനാകുമോ എന്നും വീട്ടുകാര്‍ ശങ്കിച്ചു. മനോവിഷമത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി പുറത്തെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ നിഷ്‌ക്രിയത്വം കാണിച്ച ലോക്കല്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ കോണ്ടഗാവ് എസ്പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.