ഇന്‍ഡിഗോ വിമാനത്തില്‍ യുവതി പ്രസവിച്ചു, അപൂര്‍വ്വ സംഭവം ആഘോഷിച്ച് ജീവനക്കാര്‍; മാസം തികയാതെ പിറന്ന ആണ്‍കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ യാത്ര

 ഇന്‍ഡിഗോ വിമാനത്തില്‍ യുവതി പ്രസവിച്ചു, അപൂര്‍വ്വ സംഭവം ആഘോഷിച്ച് ജീവനക്കാര്‍; മാസം തികയാതെ പിറന്ന ആണ്‍കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ യാത്ര

ബംഗളൂരു: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കി. യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തിലെ ജീവനക്കാര്‍ അടിയന്തര സഹായം നല്‍കി. കുഞ്ഞ് പിറന്നതിന്റെ സന്തോഷം ജീവനക്കാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.മാസം തികയാതെ പിറന്ന ആണ്‍കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍ഡിഗോ.

ബുധനാഴ്ച ഡല്‍ഹി- ബംഗളൂരു യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ പ്രസവത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും അമ്മയ്ക്കും കുഞ്ഞിനും ആശംസ നേരുന്ന വീഡിയോ വൈറലായി. വിമാനത്തില്‍ നിന്ന് അമ്മയും കുഞ്ഞും ഇറങ്ങുന്ന സമയത്ത് ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫും മറ്റു ജീവനക്കാരും ചുറ്റും കൂടി നിന്ന് കയ്യടിച്ച് സന്തോഷം പങ്കുവെയ്ക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. യുവതിക്ക് അടിയന്തര സഹായം നല്‍കിയ ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.