കൊവിഡിനെ തുരത്താന്‍ കുതിരകളിലെ രക്ത രസം; ക്ലിനിക്കല്‍ ട്രയലിന് അനുമതി !

 കൊവിഡിനെ തുരത്താന്‍ കുതിരകളിലെ രക്ത രസം; ക്ലിനിക്കല്‍ ട്രയലിന് അനുമതി !

ഡൽഹി: മൃ​ഗങ്ങളിൽ വികസിപ്പിച്ച ആന്റിബോഡിയിലുള്ള രക്ത രസം (ആന്റിസെറ) മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്).  ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ ലിമിറ്റഡുമായി ചേർന്നാണ് ഐസിഎംആർ ശുദ്ധീകരിച്ച ആന്റിസെറ വികസിപ്പിച്ചത്. ഇവയുടെ ക്ലിനിക്കൽ ട്രയലിനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.

നിർവീര്യമാക്കിയ സാർസ് കോവ്-2 വൈറസ് കുതിരകളിൽ കുത്തിവച്ചാണ് ആന്റിസെറ വികസിപ്പിച്ചത്. പ്ലാസ്മ തെറാപ്പിയിൽ കോവിഡിനെ അതിജീവിച്ചവരിൽ നിന്നെടുക്കുന്ന രക്തരസമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ആരോഗ്യവാന്മാരായ കുതിരകളിൽ നിർവീര്യമാക്കിയ സാർസ് കോവ് 2 വൈറസ് കുത്തിവച്ച് 21 ദിവസത്തിനു ശേഷമാണ് പ്ലാസ്മ സാംപിളുകൾ വികസിപ്പിച്ചത്.

മനുഷ്യരിലെ പരീക്ഷണം വിജയകരമായാൽ പ്ലാസ്മ തെറാപ്പിക്ക് പകരം ഈ ചികിത്സാരീതി ഉപയോഗിക്കാൻ സാധിക്കും.ഓരോ രോഗിയിൽ നിന്നും ലഭിക്കുന്ന ആന്റിബോഡികളുടെ രൂപത്തിലും ഫലപ്രാപ്തിയും അളവും വ്യത്യസ്തമാകുമെന്നതിനാൽ പ്ലാസ്മ ചികിത്സ പലപ്പോഴും 100 ശതമാനം ഫലം നൽകാറില്ല. കുതിരകളിൽ നിന്ന് ആവശ്യാനുസരണം ആന്റിസെറ വികസിപ്പിക്കാമെന്ന ഗുണവുമുണ്ട്.