മുറ്റത്തു നിന്നു ചരൽ വാരിയതിന് 95 കാരനെ മരുമകൾ മൺവെട്ടിക്ക് തലയ്ക്കടിച്ചു, രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത്

 മുറ്റത്തു നിന്നു ചരൽ വാരിയതിന് 95 കാരനെ മരുമകൾ മൺവെട്ടിക്ക് തലയ്ക്കടിച്ചു, രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത്

പത്തനംതിട്ട; 95 വയസുകാരനെ മൺവെട്ടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൾ അറസ്റ്റിൽ. കോഴഞ്ചേരി ചെറുകോൽ മധുര ഭവനിൽ ദാമോദരൻ നായരെ (95) മർദിച്ച സംഭവത്തിലാണ് മകന്റെ ഭാര്യ രാധാമണി അറസ്റ്റിലായത്. മുറ്റത്തു നിന്ന് ചരൽ വാരിയതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിന് കാരണമായതെന്നാണ് പൊലീസ് പറയപ്പെടുന്നത്.

കഴിഞ്ഞ 4നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവദിവസം, രക്തത്തിൽ കുളിച്ചു വീട്ടുമുറ്റത്തു കിടക്കുകയായിരുന്ന ദാമോദരൻ നായരെ സമീപത്തെ സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്.  ​ഗുരുതരമായി പരുക്കേറ്റ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലച്ചോറിനും മുഖത്തും ആഴത്തിലുള്ള മുറിവുണ്ട്. അപകടനില തരണം ചെയ്തിട്ടില്ല. നിന്ന തന്നെ ഒരു പ്രകോപനവും കൂടാതെ മൺവെട്ടി കൊണ്ട് അടിക്കുകയായിരുന്നു എന്നാണ് ദാമോദരൻ പൊലീസിനോട് പറഞ്ഞത്.

എന്നാൽ തന്നെയും മർദിച്ചുവെന്ന് ആരോപിച്ച് രാധാമണിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമാണ് ഇന്നലെ വൈകിട്ട് 5ന് അറസ്റ്റ് രേഖപ്പെടുത്തിയത്. വിഡിയോ കോൺഫറൻസിലൂടെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.