ഇതാകണം ജീവപര്യന്തം,ഇങ്ങനെയാകണം ശിക്ഷ ! 19കാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച നാലു പ്രതികള്‍ക്കു മരണംവരെ ജീവപര്യന്തം കഠിന തടവ്

ജയ്പുര്‍ : രാജസ്ഥാനില്‍ 19കാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികള്‍ക്കു മരണംവരെ ജീവപര്യന്തം കഠിന തടവ്. പീഡനം മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അഞ്ചാം പ്രതിക്ക് അഞ്ചു വര്‍ഷം തടവും അല്‍വാറിലെ പ്രത്യേക കോടതി വിധിച്ചു. പ്രതികള്‍ പീഡിപ്പിക്കപ്പെട്ട യുവതിക്ക് ഓരോ ലക്ഷം രൂപ പിഴ നല്‍കണമെന്ന് കോടതി വിധിച്ചു.
ഛോട്ടേ ലാല്‍ (22), ഹന്‍സ് രാജ് ഗുജ്ജര്‍ (20), അശോക് കുമാര്‍ ഗുജ്ജര്‍ (20), ഇന്ദ്രജ്‌സിങ് ഗുജ്ജര്‍ (22) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്. വീഡിയോ പ്രചരിപ്പിച്ച മുകേഷ് ഗുജ്ജര്‍ (28) നെയാണ് ഐടി നിയമപ്രകാരം അഞ്ചുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടത്. പീഡനത്തില്‍ പങ്കാളിയായ പ്രായപൂര്‍ത്തിയാകാത്ത ആളിന്റെ വിചാരണ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് സാധനങ്ങള്‍ വാങ്ങുന്നതിന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോയ യുവതിയെ പ്രതികള്‍ പീഡിപ്പിച്ചത്. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം.
യുവതിയുടെ ബന്ധുക്കള്‍ ധാനാഗാജി പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തിരക്കു പറഞ്ഞു മടക്കിവിട്ടു. തുടര്‍ന്ന് 30-ാം തീയതി ബന്ധുക്കള്‍ അല്‍വാര്‍ എസ്പിയെ നേരിട്ടു കണ്ടു പരാതി നല്‍കി. മേയ് രണ്ടിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.