50 അടി താഴ്ചയും 12 അടി വെള്ളവും! കിണറ്റിൽ വീണ ഒന്നര വയസ്സുകാരന്‍ കുഞ്ഞനിയനെ മുങ്ങിയെടുത്ത് അസ്നൈൻ  

 50 അടി താഴ്ചയും 12 അടി വെള്ളവും! കിണറ്റിൽ വീണ ഒന്നര വയസ്സുകാരന്‍ കുഞ്ഞനിയനെ മുങ്ങിയെടുത്ത് അസ്നൈൻ  

മലപ്പുറം :  50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ഒന്നര വയസ്സുകാരന്‍ 19 കാരനായ സഹോദരന്റെ മനോധൈര്യത്തില്‍ രക്ഷപ്പെട്ടു. ആള്‍മറയുടെ അടുത്തു വച്ച ബക്കറ്റില്‍ കയറി കളിക്കുന്നതിനിടെയാണ് ഒന്നര വയസ്സുകാരന്‍ അഹമ്മദ് മാലിക് കിണറ്റില്‍ വീണത്. തൃക്കലങ്ങോട് ചീനിക്കലില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.

50 അടി താഴ്ചയും 12 അടി വെള്ളവും ഉള്ള കിണറ്റിലാണ് കുട്ടി വീണത്. അമ്മയുടെ നിലവിളി കേട്ട് വീടിനകത്തായിരുന്ന 19 വയസ്സുകാരനായ സഹോദരന്‍ അഹമ്മദ് അസ്‌നൈന്‍ ഓടിയെത്തി. വിവരം അറിഞ്ഞ അസ്‌നൈന്‍ മറ്റൊന്നും ചിന്തിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടി, വെള്ളത്തില്‍ താഴ്ന്നുപോയ സഹോദരനെ മുങ്ങിയെടുത്തു.

കുഞ്ഞിനെ ബക്കറ്റില്‍ ഇരുത്തി കരയ്ക്കു കയറ്റി.ഈ സമയം സ്ഥലത്ത് ഇല്ലാതിരുന്ന പിതാവ് ഹബീബ് റഹ്മാന്‍ വിവരം അറിഞ്ഞ് എത്തി മൂത്ത മകനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി. എന്നാല്‍ ഇരുവരും കരയ്ക്കു കയറാന്‍ ബുദ്ധിമുട്ടി. തുടര്‍ന്ന് മഞ്ചേരി അഗ്‌നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയ്ക്ക് കയറ്റിയത്. കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.