ഹത്രസ് കേസിൽ പുതിയ കണ്ടെത്തലുമായി പൊലീസ്; പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രധാന പ്രതിയ്ക്ക് യുവതിയുടെ സഹോദരനുമായി അടുത്ത ബന്ധം, സഹോദരന്റെ ഫോണിലേക്ക് പ്രതി അഞ്ചുമാസത്തിനിടെ വിളിച്ചത് 100ലേറെ തവണ

ലക്നൗ: ഹത്രസ് കേസിലെ പ്രധാന പ്രതി ഇരയുടെ സഹോദരനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്ന് ഉദ്യോഗസ്ഥർ . പെൺകുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോൺ നമ്പറിലേക്ക് പ്രതി അഞ്ചു മാസത്തിനുള്ളിൽ നൂറിലേറെ തവണ വിളിച്ചതായാണ് കോൾ റെക്കോർഡ് ഉദ്ധരിച്ച് പൊലീസ് വ്യക്തമാക്കുന്നത്.
2019 ഒക്ടോബറിനും 2020 മാർച്ചിനുമിടയിൽ അഞ്ചു മണിക്കൂറോളം ഇവർ സംസാരിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമം വെളിപ്പെടുത്തുന്നത്. ചില കോളുകൾ മിനിറ്റുകളോളം നീണ്ടു നിന്നവയാണ്. പെൺകുട്ടിയുടെ സഹോദരൻ തന്നെയാണോ സംസാരിച്ചതെന്ന് വ്യക്തമാകാൻ കോളുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സഹോദരന്റെ ശബ്ദസാംപിള്‍ ശേഖരിച്ചേക്കും.
അതുപോലെ പ്രതികൾ പെൺകുട്ടിയുടെ കുടുംബവുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നെന്നാണ് ചില ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.