150 രൂപയുടെ വാട്ടര്‍ ബില്‍ കിട്ടേണ്ടിടത്ത് ലഭിച്ചത് കാല്‍ലക്ഷം രൂപയുടെ ബില്‍, വീട്ടില്‍ ആകെയുള്ളത് രണ്ട് വൃദ്ധര്‍ മാത്രവും. ബില്ല് കണ്ട് അന്തംവിട്ട് നാട്ടുകാരും

 150 രൂപയുടെ വാട്ടര്‍ ബില്‍ കിട്ടേണ്ടിടത്ത് ലഭിച്ചത് കാല്‍ലക്ഷം രൂപയുടെ ബില്‍, വീട്ടില്‍ ആകെയുള്ളത് രണ്ട് വൃദ്ധര്‍ മാത്രവും. ബില്ല് കണ്ട് അന്തംവിട്ട് നാട്ടുകാരും

ഇടുക്കി: രണ്ടു വയോധികർ മാത്രം താമസിക്കുന്ന വീട്ടിൽ വാട്ടർ ബിൽ ലഭിച്ചത് കാൽ ലക്ഷത്തോളം രൂപ. ശരാശരി 150 രൂപ ബിൽ ലഭിച്ചിരുന്ന സ്ഥാനത്താണ് 24,336 രൂപയുടെ ബിൽ കിട്ടിയത്. തൊടുപുഴ മുട്ടം തോട്ടുങ്കര വടക്കേടത്ത് കുരുവിള മത്തായിക്കാണ് ബിൽ കിട്ടിയത്.

മത്തായിയുടെ വാടകയ്ക്ക് നൽകിയിരിക്കുന്ന വീട്ടിലാണ് ഇത്തരത്തിലൊരു ബിൽ ലഭിച്ചത്. ഇവിടെ രണ്ട് വയോധികർ മാത്രമാണ് താമസിക്കുന്നത്. ജൂലൈ മാസം കിട്ടിയ ബില്ലിലാണ് ഭീമൻ തുകയുള്ളത്. പരാതി നൽകിയതിനെത്തുടർന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തിക അടയ്ക്കണമെന്നാണ് പറഞ്ഞത്. മീറ്റർ തകരാറില്ലെന്നും കൂടുതൽ വെള്ളം ഉപയോഗിച്ചതിന്റെ താരിഫ് വ്യത്യാസമാണ് ഈ തുക എന്നുമായിരുന്നു ഉദ്യോ​ഗസ്ഥരുടെ മറുപടി.

രണ്ട് മാസത്തെ വാട്ടർ ചാർജ് ഇനത്തിൽ 1800 രൂപയും അഡീഷനൽ തുകയായി 22,536 രൂപയുമാണ് അടയ്ക്കേണ്ടത്. തുക അടച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേദിക്കുമെന്നും മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്.

നേരത്തെയും റീഡിങ് പിഴവ് ചൂണ്ടിക്കാട്ടി പല പരാതികളും ഉണ്ടായിട്ടുണ്ട്. ലോക്ഡൗണിനെ തുടർന്നുണ്ടായ ഈ പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. വൻ തുകയുടെ ബിൽ വന്നാൽ ജില്ലാ ഓഫിസുകളിൽ നിന്നു മാറ്റിനൽകാൻ കഴിയില്ല. ഇതു തിരുവനന്തപുരത്തെ ഹെഡ് ഓഫിസിലേക്ക് അയച്ച് അവിടെ നിന്നു മാറ്റി കൊടുക്കണം.