സോന കൊലപാതകം; മഹേഷ് കൃഷ്ണയ്ക്ക് രക്ഷപെടാൻ അവസരമൊരുക്കിയത് മധ്യസ്ഥതയ്ക്കെത്തിയ രാഷ്ട്രീയക്കാരെന്ന് ബന്ധുക്കളുടെ ആരോപണം, സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

 സോന കൊലപാതകം; മഹേഷ് കൃഷ്ണയ്ക്ക് രക്ഷപെടാൻ അവസരമൊരുക്കിയത് മധ്യസ്ഥതയ്ക്കെത്തിയ രാഷ്ട്രീയക്കാരെന്ന് ബന്ധുക്കളുടെ ആരോപണം, സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

തൃശൂർ:  ദന്തഡോക്ടറെ കുത്തിവീഴ്ത്തിയ പ്രതി മഹേഷ് കൃഷ്ണയ്ക്ക് രക്ഷപെടാൻ അവസരമൊരുക്കിയത് കൊലപാതക സമയത്ത് സ്ഥലത്ത് മധ്യസ്ഥതയ്ക്കെത്തിയ രാഷ്ട്രീയക്കാരെന്ന് ബന്ധുക്കളുടെ ആരോപണം.

കുത്തേറ്റതിനു പിന്നാലെ ബന്ധുക്കൾ സോനയെ ആശുപത്രിയിൽ എത്തിക്കുന്നതിനു ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസിൽ ഏൽപിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന സ്ഥലത്തെ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ഇയാളെ പിടിച്ചുവയ്ക്കുന്നതിനോ പൊലീസിനു കൈമാറുന്നതിനോ തയാറായില്ല.

പകരം അയാൾക്കു രക്ഷപെടാൻ അവസരം ഒരുക്കിക്കൊടുത്തതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മധ്യസ്ഥതയ്ക്കെത്തിയ രാഷ്ട്രീയക്കാരും പത്തു മിനിറ്റിനുശേഷം മഹേഷും സ്ഥലം വിടുന്നതു വിഡിയോയിലുണ്ട്.

സോനയ്ക്ക് കുത്തേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിൽ വച്ചു തന്നെ സംഭവം സിഐയെ വിളിച്ച് പറഞ്ഞിരുന്നു. സിഐ നിർദേശിച്ചതനുസരിച്ച് അരമണിക്കൂറിനുള്ളിൽ സ്ഥലം എസ്ഐ സ്ഥലത്തെത്തിയെങ്കിലും പ്രതി സ്ഥലം വിട്ടിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ ഇത്ര വൈകുന്നതിന് ഇടയാക്കിയത്. കൂത്താട്ടുകുളം പാലക്കുഴ മുങ്ങാംകുന്ന് വലിയകുളങ്ങര കെ.എസ്. ജോസിന്റെ മകളാണ് സോന.

മഹേഷിനെ പൊലീസ് പിടികൂടി എന്ന് അവകാശപ്പെടുമ്പോഴും ചില രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ഇയാൾ പൊലീസിനു പിടികൊടുക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനകം അഭിഭാഷകനുമായി ബന്ധപ്പെട്ട് നിയമോപദേശവും തേടിയിരുന്നു. തൃശൂർ പൂങ്കുന്നത്തു വച്ച് പുലർച്ചെ പിടികൂടിയതായാണ് പൊലീസ് പറയുന്നത്.

പൊലീസ് ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിരീക്ഷിച്ചു വരുന്നതിനിടെ ഇന്നലെ രാത്രി ഇയാൾ സഹോദരങ്ങളെ ബന്ധപ്പെട്ടിരുന്നു. ഇതോടെ ഇയാൾ തൃശൂർ വിട്ട് പോയിട്ടില്ലെന്ന് പൊലീസിനു വ്യക്തമായിരുന്നു. ഫോൺവിളി പിന്തുർന്ന് ഇന്നു രാവിലെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്.