റബാദയുടെ തിളക്കത്തിൽ ജയം സ്വന്തമാക്കി ഡല്‍ഹി! റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 59 റണ്‍സ് ജയം

 റബാദയുടെ തിളക്കത്തിൽ ജയം സ്വന്തമാക്കി ഡല്‍ഹി! റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 59 റണ്‍സ് ജയം

ദുബായ്:  ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 59 റണ്‍സ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളു.  നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കാഗിസോ റബാദയാണ് ബാംഗ്ലൂരിന്റെ വി‌ജയശിൽപി.  നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി അക്ഷര്‍ പട്ടേലും ബൗളിങ്ങിൽ തിളങ്ങി.

ബാംഗ്ലൂർ നിരയിൽ 39 പന്തില്‍ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടോപ് സ്‌കോറര്‍. ഒരു സിക്‌സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്. 197 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ദേവ്ദത്ത് പടിക്കലിനെ (4) നഷ്ടമായതാണ് ആദ്യ തിരിച്ചടി. സ്‌കോര്‍ 20-ല്‍ നില്‍ക്കെയായിരുന്നു ഇത്. തൊട്ടടുത്ത ഓവറില്‍ ആരോണ്‍ ഫിഞ്ചും (13) മടങ്ങി. ഡിവില്ലിയേഴ്‌സും (9) മോയിന്‍ അലിയും (11) മടങ്ങിയതോടെ ബാംഗ്ലൂർ പ്രതിരോധത്തിലായി. വാഷിങ്ടണ്‍ സുന്ദര്‍ (17), ശിവം ദുബെ (11), ഇസുരു ഉദാന (1), സിറാജ് (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. അർധ സെഞ്ച്വറിയുമായി തകർത്തടിച്ച മാർക്കസ് സ്റ്റോയ്നിസാണ് ഡൽഹിയുടെ ടോപ് സ്കോറർ. 26 പന്തുകള്‍ നേരിട്ട സ്റ്റോയ്‌നിസ് രണ്ടു സിക്‌സും ആറ് ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റിങിന് ഇറങ്ങിയ പൃഥ്വി ഷാ – ശിഖര്‍ ധവാന്‍ ഓപണിങ് സഖ്യം മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 6.4 ഓവറില്‍ 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 42 റണ്‍സെടുത്ത പൃഥ്വി ഷാ ഏഴാം ഓവറില്‍ പുറത്തായി. 28 പന്തില്‍ നിന്ന് മൂന്ന് ഫോറുകള്‍ സഹിതം 32 റണ്‍സെടുത്ത ധവാനെ ഉദാന മടക്കി. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ താരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ബൗണ്ടറി ലൈനിനരികെ ഉജ്വലമായ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കല്‍ പുറത്താക്കി.