ആരെങ്കിലും നിങ്ങളുടെ കുട്ടിയെ കൊന്ന്, വീട്ടിൽ നിങ്ങളെ അടച്ചിട്ടിരിക്കുന്നത് ഓർത്തുനോക്കൂ;‘രാജ്യത്തെ മുഴുവൻ ഒരു മൂലയിലേക്ക് തള്ളി നീക്കിയിരിക്കുമ്പോൾ എന്നെ തള്ളിയത് ഒരു വലിയ പ്രശ്നമല്ല’

പട്യാല: ‘രാജ്യത്തെ മുഴുവൻ ഒരു മൂലയിലേക്ക് തള്ളി നീക്കിയിരിക്കുമ്പോൾ എന്നെ തള്ളിയത് ഒരു വലിയ പ്രശ്നമല്ല’ – ഹത്രസിലേക്കുള്ള യാത്രയിൽ യുപി പൊലീസ് പിടിച്ചു തള്ളിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹത്രസിൽ പീഡനത്തിനിരയായി പിന്നീട് ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് യുപി പൊലീസ് ദഹിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിലേക്കു പോയ രാഹുലിനെ തടഞ്ഞ പൊലീസ് അദ്ദേഹത്തെ തള്ളി വീഴ്ത്തുകയും ചെയ്തിരുന്നു.
‘രാജ്യത്തെ മുഴുവൻ ഒരു മൂലയിലേക്ക് തള്ളി നീക്കിയിരിക്കുകയാണ്. അതുകൊണ്ട് എന്നെ തള്ളിയെന്നതോ തടഞ്ഞെന്നതോ വലിയ കാര്യമല്ല. രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഇതു ഞങ്ങൾ സഹിക്കും. യഥാർഥത്തിൽ തള്ളി നീക്കിയത് ആ കുടുംബത്തിനെയാണ്.
പെൺമക്കളുള്ളവർക്ക് ഈ അവസ്ഥ മനസ്സിലാകും. ആരെങ്കിലും നിങ്ങളുടെ കുട്ടിയെ കൊന്ന്, വീട്ടിൽ നിങ്ങളെ അടച്ചിട്ടിരിക്കുന്നത് ഓർത്തുനോക്കൂ. ജില്ലാ മജിസ്ട്രേറ്റ് ഭീഷണിപ്പെടുത്തുന്നു. അതാണ് ഞാൻ അവിടെ പോയത്…
ഒറ്റപ്പെട്ടുപോയെന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ. ലൈംഗിക അതിക്രമം നേരിട്ട എല്ലാ സ്ത്രീകൾക്കുമായി ഞാനുണ്ടാകും’ – കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇപ്പോൾ പഞ്ചാബിലുള്ള രാഹുൽ കൂട്ടിച്ചേർത്തു.