ഹാഥ്‌രസിലേക്കു പുറപ്പെട്ട നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ; യു പി പൊലീസിന്റെ പിടിയിലായവരില്‍ ഒരാള്‍ മലപ്പുറം സ്വദേശി

ഡല്‍ഹി : ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ്‌രസിലേക്ക് പോയ നാലുപേര്‍ പൊലീസ് പിടിയില്‍. യു പി പൊലീസിന്റെ പിടിയിലായവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
മഥുരയിലെ മത് ടോള്‍ പ്ലാസയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. സംശയകരമായ ബന്ധങ്ങളുള്ള ചിലര്‍ ഡല്‍ഹിയില്‍ നിന്നും ഹാഥ്‌രസിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
മുസഫര്‍ നഗര്‍ സ്വദേശി ആതിഖ് ഉര്‍ റഹ്മാന്‍, മലപ്പുറം സ്വദേശി സിദ്ധിഖ്, ബറിയാച്ച് സ്വദേശി മസൂദ് അഹമ്മദ്, റാംപൂര്‍ സ്വദേശി ആലം എന്നിവരാണ് പിടിയിലായത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
പിടിച്ചെടുത്ത ലഘുലേഖകള്‍ സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ കഴിയുന്നതാണെന്ന് പൊലീസ് പറയുന്നു. മൗലികവാദ ഗ്രൂപ്പായ പോപ്പുലര്‍ ഫ്രണ്ടുമായും കാംപസ് ഫ്രണ്ടുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് സൂചിപ്പിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ നിരോധിച്ചതാണ്.
സെപ്റ്റംബര്‍ 14 നാണ് 19 കാരിയായ ദളിത് പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു.