ഡോക്ടര്‍ സോനയുടെ കൊലപാതകം, പ്രതി മഹേഷ് പിടിയില്‍

 ഡോക്ടര്‍ സോനയുടെ കൊലപാതകം, പ്രതി മഹേഷ് പിടിയില്‍

തൃശൂര്‍ : തൃശൂര്‍ കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടര്‍ സോന കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. സോനയുടെ സുഹൃത്തായ മഹേഷാണ് അറസ്റ്റിലായത്. തൃശൂര്‍ പൂങ്കുന്നത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന (30) ഞായറാഴ്ചയാണ് മരിച്ചത്.

സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ ചൊവാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് ഡോക്ടര്‍ക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം പാവറട്ടി സ്വദേശിയായ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കുട്ടനെല്ലൂരില്‍ ദി ഡെന്റസ്റ്റ് ക്ലിനിക്ക് നടത്തുകയാണ് ഡോ.സോനയും മഹേഷും.

രണ്ട് വര്‍ഷമായി സോനയും മഹേഷും ചേര്‍ന്നാണ് ആശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ആശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.