ഒരു വശത്ത് കുടിയേറ്റ തൊഴിലാളികള്‍ പട്ടിണി കിടന്നു മരിച്ചു ; മറുവശത്ത് ഗോഡൗണില്‍ പുഴുവരിച്ചത് 1559 ടണ്‍ ഭക്ഷ്യ ധാന്യം

 ഒരു വശത്ത് കുടിയേറ്റ തൊഴിലാളികള്‍ പട്ടിണി കിടന്നു മരിച്ചു ; മറുവശത്ത് ഗോഡൗണില്‍ പുഴുവരിച്ചത് 1559 ടണ്‍ ഭക്ഷ്യ ധാന്യം

ഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന്  പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ , ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം എഫ്‌സിഐ ഗോഡൗണുകളില്‍ കിടന്ന് കേടായതായി റിപ്പോര്‍ട്ട്. ഏപ്രില്‍- മെയ് മാസങ്ങളിലാണ് പട്ടിണി മൂലം നിരവധി കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ലോക്ക്ഡൗണിനിടെ, 1550 ടണ്‍ ഭക്ഷ്യധാന്യം രാജ്യത്തെ വിവിധ എഫ്‌സിഐ ഗോഡൗണുകളില്‍ കിടന്ന് ഉപയോഗശൂന്യമായതായി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മെയ് മാസത്തില്‍ 26 ടണ്‍ ഭക്ഷ്യധാന്യമാണ് നശിച്ചത്. ജൂണില്‍ ഇത് റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നു. 1453 ടണ്‍ ഭക്ഷ്യധാന്യമാണ് ഉപയോഗശൂന്യമായത്. ജൂലൈയിലും ഓഗസ്റ്റിലും യഥാക്രമം 41, 51 ടണ്‍ എന്നിങ്ങനെയാണ് കേടായ ഭക്ഷ്യധാന്യങ്ങളുടെ കണക്ക്. ലോക്ക്ഡൗണിന് മുന്‍പുളള മാര്‍ച്ച് മാസത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ ഒന്നും തന്നെ ഉപയോഗശൂന്യമായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക്ക്ഡൗണ്‍ കാലയളവില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗശൂന്യമായതില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ശാസ്ത്രീയമായ രീതിയിലാണ് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത് എന്നാണ് എഫ്‌സിഐയും കേന്ദ്രസര്‍ക്കാരും അവകാശപ്പെടുന്നത്.

ഭക്ഷ്യധാന്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ അണുനാശിനി, കീടനാശിനി എന്നിവ ഉപയോഗിക്കുന്നത് അടക്കമുളള നടപടികള്‍ സ്വീകരിക്കുന്നതായാണ് സര്‍ക്കാര്‍ വിശദീകരണം.