മഹേഷുമായി സോനയ്ക്കുണ്ടായിരുന്നത് കോളേജ് കാലം മുതലുള്ള സൗഹൃദം; മധ്യസ്ഥ ചര്‍ച്ചയ്ക്ക് എന്ന പേരില്‍ മഹേഷ് എത്തിയത് കൊലപ്പെടുത്താന്‍ കത്തിയുമായി, പിന്നില്‍ നിന്ന് വട്ടം പിടിച്ച് വയറില്‍ കുത്തി, കുത്തില്‍ ഹൃദയത്തിനു പരിക്കേറ്റത് മരണകാരണമായി; മഹേഷിന്റെ പ്രതികാരം വെളിപ്പെടുത്തി സുഹൃത്ത്‌

 മഹേഷുമായി സോനയ്ക്കുണ്ടായിരുന്നത് കോളേജ് കാലം മുതലുള്ള സൗഹൃദം;  മധ്യസ്ഥ ചര്‍ച്ചയ്ക്ക് എന്ന പേരില്‍ മഹേഷ് എത്തിയത് കൊലപ്പെടുത്താന്‍ കത്തിയുമായി, പിന്നില്‍ നിന്ന് വട്ടം പിടിച്ച് വയറില്‍ കുത്തി, കുത്തില്‍ ഹൃദയത്തിനു പരിക്കേറ്റത് മരണകാരണമായി;  മഹേഷിന്റെ പ്രതികാരം വെളിപ്പെടുത്തി സുഹൃത്ത്‌

കൊച്ചി : ഇന്നലെയാണ് കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ വച്ച് സുഹൃത്തിന്റെ കുത്തേറ്റ വനിതാ ഡോക്ടര്‍ സോന ജോസ് മരിച്ചത്. സോനയ്ക്കു സുഹൃത്ത് മഹേഷിന്റെ കുത്തേറ്റത് പിതാവും ബന്ധുക്കളും മധ്യസ്ഥരും ഉൾപ്പടെയുള്ളവർ നോക്കിനിൽക്കെയാണെന്ന് കുടുംബ സുഹൃത്ത് വെളിപ്പെടുത്തുന്നു.

മധ്യസ്ഥ ചർച്ചയ്ക്ക് എന്നപേരിൽ ഇയാൾ എത്തിയത് സോനയെ വകവരുത്താൻ കത്തിയുമായി ആയിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. ബന്ധുക്കൾ സ്ഥലത്തെത്തി പൊലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായാണ് സോനയെ മഹേഷ് കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലം മുതൽ മഹേഷുമായി സൗഹൃദത്തിലായിരുന്നു സോന. ഒരു കൂട്ടുകാരിയുടെ ബന്ധുവാണ് മഹേഷ് എന്നാണു വിവരം.

പഠന ശേഷം അങ്കമാലി ഭാഗത്തുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവുമായി സോന അകന്നു. തുടർന്ന് വിദേശത്ത് ഉൾപ്പെടെ സോന ജോലി ചെയ്തെങ്കിലും മഹേഷ് സൗഹൃദം സ്ഥാപിച്ച് നാട്ടിൽ കൊണ്ടുവരികയായിരുന്നു. മഹേഷിന്റെ നിർബന്ധത്തിനാണ് കുട്ടനല്ലൂരിൽ ഡന്റൽ ക്ലിനിക് ആരംഭിച്ചത്. അതിനുള്ള സ്ഥലം കണ്ടു പിടിച്ചതടക്കം സഹായങ്ങൾ ചെയ്തത് മഹേഷായിരുന്നു. തൃശൂർ കുരിയച്ചിറയിൽ ഇരുവരും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഭാര്യയും ഭർത്താവുമാണ് എന്നാണ് ഇവർ പറഞ്ഞിരുന്നത്.

ക്ലിനിക് നടത്തിപ്പിന് സൗകര്യം ഒരുക്കിയത് മഹേഷാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുന്ന വിവരം സോന വീട്ടിൽ അറിയിച്ചിരുന്നില്ല. എതിർത്താൽ ഇക്കാര്യങ്ങൾ വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കാലമത്രയും കൂടെ താമസിപ്പിച്ചതും പണം തട്ടിയെടുത്തതുമെന്നാണ് ബന്ധുക്കൾ പറയുന്നത്. ക്ലിനിക്കിലെ വരുമാനം മുഴുവൻ കഴിഞ്ഞ ഒരു വർഷമായി മഹേഷ് തട്ടിയെടുക്കുയായിരുന്നു. 2018 -19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ലഭിച്ച 22 ലക്ഷം രൂപ മഹേഷ് തട്ടിയെടുത്തിരുന്നു.

ഇതിനു പുറമേ ചിട്ടി നടത്തിപ്പിലൂടെ ലഭിച്ച ഏഴു ലക്ഷം രൂപയും ക്ലിനിക് തുടങ്ങുമ്പോൾ ഇന്റീരിയർ വർക്കുകൾക്കെന്ന പേരിൽ ആറര ലക്ഷം രൂപയും സോനയിൽനിന്ന് ഇയാൾ കൈക്കലാക്കിയിരുന്നു. ഇക്കാര്യം സോന വീട്ടുകാരെ അറിയിച്ചതോടെ അവർ സ്ഥലത്തെത്തി കഴിഞ്ഞ 25ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. ഇത് ഒല്ലൂർ സിഐക്ക് കൈമാറുകയും അന്വേഷണത്തിന് നിർദേശിക്കുകയും ചെയ്തു. സിഐ അറിയിച്ചതനുസരിച്ചാണ് 29ന് സോനയും പിതാവും കുടുംബ സുഹൃത്തും പൊലീസ് സ്റ്റേഷനിലെത്തുന്നത്.

കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ചപ്പോൾ മഹേഷിനെ പൊലീസ് വിളിച്ചെങ്കിലും വന്നില്ല. പൊലീസ് വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ സോനയുടെ ഫോണിൽ നിന്ന് വിളിച്ച് സിഐ സംസാരിച്ചു. സിഐയോട് ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും പലപ്രാവശ്യം വിളിച്ചിട്ടും ഒഴിഞ്ഞുമാറി. ഒന്നര മണിക്കൂർ സ്റ്റേഷനിൽ കാത്തു നിന്നിട്ടും എത്താതിരുന്നതിനാൽ ഇവർ ക്ലിനിക്കിലേക്കു പോയി. അതുവരെ അവിടെയുണ്ടായിരുന്ന മഹേഷ് പൊലീസ് വിളിച്ചതോടെ സ്ഥലം വിട്ടിരുന്നു.

സോനയുടെ ബന്ധുക്കളും ക്ലിനിക്കിലെത്തിയപ്പോൾ സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് വിളിച്ച് പ്രശ്നം സംസാരിച്ചു തീർക്കാമെങ്കിൽ മഹേഷുമായി വരാമെന്ന് അറിയിച്ചു. അങ്ങനെയെങ്കിൽ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും കേസ് പിൻവലിക്കാമെന്നും സോനയുടെ ബന്ധുക്കൾ പറഞ്ഞതോടെ നേതാവ് മഹേഷുമായി ക്ലിനിക്കിലെത്തി.

ഇന്റീരിയർ പണിതു നൽകിയ ഇനത്തിൽ 20 ലക്ഷം രൂപ കിട്ടാനുണ്ടെന്നും അതു ലഭിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു മഹേഷിന്റെ നിലപാട്. അഞ്ചു ലക്ഷം രൂപ പോലും മുടക്കാതെ ചെയ്ത ജോലിക്ക് ഇതുവരെ നൽകിയ പണത്തിന്റെ കണക്ക് സോന കാണിച്ചതോടെ മഹേഷിന്റെ ഒപ്പമെത്തിയവരും നിലപാടിൽനിന്ന് പിൻവാങ്ങി.

തട്ടിയെടുത്ത പതിമൂന്നര ലക്ഷം രൂപ തിരികെ തരണമെന്നും പെൺകുട്ടിയെ വെറുതെ വിടണമെന്നുമായിരുന്നു ബന്ധുക്കൾ മുന്നോട്ടുവച്ച ആവശ്യം. സ്ഥാപനം വിറ്റ് നാട്ടിലേക്കു പോകുകയാണെന്നായിരുന്നു സോനയുടെ നിലപാട്. എന്നാൽ സ്ഥാപനം താൻ നടത്തി ക്കൊള്ളാമെന്ന് മഹേഷ് പറഞ്ഞു. ലൈസൻസ് ഉൾപ്പടെയുള്ളവ സോനയുടെ പേരിലായതിനാൽ അതു പറ്റില്ലെന്നു സോന പറഞ്ഞത് അയാളെ പ്രകോപിപ്പിച്ചു.

തർക്കമായതോടെ, പൊലീസ് കേസുമായി മുന്നോട്ടു പോകാമെന്നു ബന്ധുക്കൾ പറ‍ഞ്ഞു. ഇത് മധ്യസ്ഥരും സമ്മതിച്ചതോടെ, മഹേഷ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സോനയെ പിന്നിൽനിന്നു വട്ടം പിടിച്ച് വയറിൽ കുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചപ്പോഴേക്കും രണ്ടാമതും കുത്തി. ഒരു കുത്ത് തുടയിലാണ് കൊണ്ടത്.

ഒപ്പമുണ്ടായിരുന്നവർ പെട്ടെന്നു മഹേഷിനെ പിടിച്ചു മാറ്റി. സോനയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ പ്രതി മധ്യസ്ഥരുടെയും കണ്ണുവെട്ടിച്ച് സ്ഥലം വിടുകയായിരുന്നു. ആദ്യത്തെ കുത്തിൽ ഹൃദയത്തിനു പരുക്കേറ്റതിനാൽ രക്തസ്രാവം നിലയ്ക്കാതെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മഹേഷ് രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കൂർക്കഞ്ചേരിയിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ ബന്ധുക്കളെ ഏൽപിച്ച് ഇയാൾ സ്ഥലം വിടുകയായിരുന്നു. സോനയുടെ മൃതദേഹം സംസ്കരിച്ചു. അഞ്ചുവയസ്സുള്ള മകളുണ്ട്. എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധം പുലർത്തിയിരുന്നയാളാണ് മഹേഷെന്ന് പ്രദേശവാസികൾ പറയുന്നു. സോനയുടെ വരുമാനത്തിലാണ് ഇയാൾ ജീവിച്ചിരുന്നതെന്നും അതു നിലയ്ക്കുമെന്ന് വന്നതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും നാട്ടുകാർ പറയുന്നു.