ബേബി ജോസഫിന്റെ കൈകളിലൂടെ ഭാഗ്യ ദേവത ധനൂപിന്റെ അരികിലേക്ക്! കടം കയറി കിടപ്പാടം വിറ്റു, താമസം വാടകവീട്ടിൽ; ധനൂപിനെ തേടി 80 ലക്ഷത്തിന്റെ ‘കാരുണ്യം’

 ബേബി ജോസഫിന്റെ കൈകളിലൂടെ ഭാഗ്യ ദേവത ധനൂപിന്റെ അരികിലേക്ക്!  കടം കയറി കിടപ്പാടം വിറ്റു, താമസം വാടകവീട്ടിൽ; ധനൂപിനെ തേടി 80 ലക്ഷത്തിന്റെ ‘കാരുണ്യം’

കടബാധ്യതയെ തുടർന്ന് സ്വന്തം കിടപ്പാടം നഷ്ടപ്പെടേണ്ടി വന്ന ധനൂപ് എ മോഹനനെ തേടി 80 ലക്ഷത്തിന്റെ കാരുണ്യ സ്പർശം. സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടപ്പെടുകയായിരുന്ന ഇടുക്കി സ്വദേശിയായ ധനൂപിനാണ് സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്.

അണക്കര ആഞ്ഞിലിമൂട്ടിൽ എ.എസ്.മോഹനൻ-ലീലാമണി ദമ്പതികളുടെ മകനാണ് ധനൂപ്. കടം കയറി കിടപ്പാടം വിൽക്കേണ്ടി വന്നതോടെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുടുംബം. അണക്കര മോണ്ട്‌ഫോർട് സ്‌കൂളിലെ ഓഫിസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ഇതുവരെ കാര്യമായി ലോട്ടറി അടിച്ചിരുന്നില്ല. എന്നാൽ പ്രതീക്ഷ വിടാതിരുന്നതോടെ ഭാ​ഗ്യ സമ്മാനം തേടിയെത്തിയത്.

അണക്കര ദുർഗ ലോട്ടറി ഏജൻസിയിലെ ബേബി ജോസഫിന്റെ പക്കൽ നിന്നു വാങ്ങിയ ലോട്ടറിക്കാണു സമ്മാനം. കൂലിപ്പണിക്കാരനായിരുന്ന മോഹനൻ ഇപ്പോൾ രോഗബാധിതനാണ്. അങ്കണവാടി അധ്യാപികയായിരുന്ന ലീലാമണി വിരമിച്ചു.