ആർഎൽവി രാമകൃഷ്ണന്‍റെ ആരോഗ്യനില തൃപ്തികരം; രാമകൃഷ്ണൻ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കെ.സുരേന്ദ്രൻ

 ആർഎൽവി രാമകൃഷ്ണന്‍റെ ആരോഗ്യനില തൃപ്തികരം; രാമകൃഷ്ണൻ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചത്.

പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. പട്ടിക ജാതി വർഗ അതിക്രമ നിരോധന നിയമ പ്രകാരം ഇവർക്കെതിരെ കേസെടുക്കണം. ഈ വിഷയത്തിൽ നിരവധി പ്രതിഷേധങ്ങൾ സംഗീത നാടക അക്കാദമിക്ക് മുന്നിൽ നടന്നിട്ടും അവർ കണ്ട ഭാവം നടിച്ചില്ല. സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു.

സാംസ്‌കാരിക പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലൻ ഈ സംഭവത്തിൽ നിരുത്തരവാദ നിലപാടാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചത്.

ഉറക്കഗുളികകൾ കഴിച്ചാണ് ആത്മഹത്യാശ്രമം. രാമകൃഷ്ണന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.