അമ്പയര്‍ ബിസ്മില്ലാ ജാന്‍ കൊല്ലപ്പെട്ടു, ജീവനെടുത്തത് കാര്‍ ബോംബ് സ്‌ഫോടനം

 അമ്പയര്‍ ബിസ്മില്ലാ ജാന്‍ കൊല്ലപ്പെട്ടു, ജീവനെടുത്തത് കാര്‍ ബോംബ് സ്‌ഫോടനം

കാബുള്‍: അഫ്ഗാനിസ്ഥാന്‍ അമ്പയര്‍ ബിസ്മില്ലാ ജാന്‍ ഷിന്‍വാരി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. റോഡ് സൈഡിലുണ്ടായ സ്‌ഫോടനത്തിലാണ് അഫ്ഗാന്‍ അമ്പയറുടെ ദാരുണാന്ത്യം. നിരവധി രാജ്യാന്തര മത്സരങ്ങളില്‍ അദ്ദേഹം അമ്പയറായി എത്തിയിട്ടുണ്ട്.

സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്വന്റി20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന റാഷിദ് ഖാന്‍ ജനിച്ച അഫ്ഗാനിസ്ഥാനിലെ നാന്‍ഗഡിലാണ് ബിസ്മില്ലാ ജാനിന്റെ ജീവനെടുത്ത സ്‌ഫോടനം ഉണ്ടായത്. അഫ്ഗാനിസ്ഥാന്റെ കിഴക്ക് ഭാഗത്തായുള്ള പ്രദേശമാണിത്.

6 രാജ്യാന്തര ഏകദിനത്തിലും, ട്വന്റി20യിലും ബിസ്മില്ല അമ്പയറായിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ സിംബാബ്വെയുടെ ടി20യിലാണ് ആദ്യമായി രാജ്യാന്തര മത്സരത്തില്‍ അമ്പയറാവുന്നത്.

ബിസ്മില്ലയുടെ ജീവനെടുത്ത കാര്‍ ബോംബ് സ്‌ഫോടനത്തിന് ഒപ്പം ഗവര്‍ണറുടെ കോംപൗണ്ടിലേക്ക് കടക്കാന്‍ ശ്രമം നടന്നെങ്കിലും സുരക്ഷാ ജീവനക്കാര്‍ തീവ്രവാദികളെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.