റൊഹ്താങിലെത്തുന്ന പ്രധാനമന്ത്രി മോദിയെ കാത്തിരിക്കുന്നത് രുചിയേറും ‘ഗുച്ചി’ കൂണുകൾ: കിലോയ്ക്ക് 40,000 രൂപ വില !

ഡല്‍ഹി : മോദിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ഹിമാലയൻ നിരകളിൽ കാണപ്പെടുന്ന ഗുച്ചി എന്ന കാട്ടുകൂൺ. ഇരുമ്പ്, വൈറ്റമിൻ ഡി, ആന്റി ഓക്സിഡന്റ്സ്, ഫൈബർ എന്നിവയുടെ അദ്ഭുത കലവറയാണ് ഗുച്ചി കൂണുകള്‍. ഫാറ്റിന്റെ അളവ് വളരെ കുറവ്. റൊഹ്താങിലെത്തുന്ന പ്രധാനമന്ത്രി മോദിയെ കാത്തിരിക്കുന്നത് രുചിയേറും ‘ഗുച്ചി’ കൂണുകളാണ്.
സമുദ്രനിരപ്പിൽനിന്ന് 6000 അടിയിലേറെ ഉയരത്തിൽ കാണപ്പെടുന്ന കൂണുകൾ ഹിമാചലിലെ മലകളിലും ജമ്മു കശ്മീരിലും മാത്രമാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. കിലോയ്ക്ക് 40,000 രൂപ വരെയാണ് ഗുച്ചി കൂണുകളുടെ വില. കാടുകളിൽനിന്നും താഴ്‍വരകളിൽനിന്നും ദുർഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് ഗ്രാമങ്ങളിലെ തൊഴിലാളികൾ കൂണുകൾ കണ്ടെത്തുന്നത്.
ഇതിനായി പലപ്പോഴും കട്ടിയേറിയ മഞ്ഞുപാളികൾ പൊളിച്ചുനോക്കുകയും വേണം. ദ്രവിച്ച മരത്തടികളിലും വീണുകിടക്കുന്ന ഇലകളിലുമാണ് കൂൺ വളരുന്നത്. ചിലപ്പോൾ വളക്കൂറുള്ള മണ്ണിലും കൂണുകൾ പൊങ്ങിവരാറുണ്ട്.
വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാൻ സാധിക്കാത്ത കൂണുകളാണ് ഇവ. കാട്ടുപ്രദേശങ്ങളിൽ സ്വയം വളർന്നുവന്നാൽ ശേഖരിക്കാം. കുളു മണാലി, ചമ്പ, കാംഗ്ര, പാങ്കി താഴ്‍വര എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ഷിംലയിൽ മഞ്ഞുപെയ്യുന്ന മേഖലകളിലും കണ്ടെത്തിയിട്ടുണ്ട്.
ഗുച്ചിക്ക് പുറമേ ഹിമാചലിന്റെ തനത് വിഭവങ്ങളും പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുണ്ട്. എല്ലാം ഹിമാലയത്തിൽ നിന്നുള്ളവ.