അതിതീവ്ര കോവിഡ് രോഗബാധയ്ക്ക് സാധ്യതയേറ്റുന്ന സുപ്രധാന ജനിതക അപകടഘടകം, നിയാണ്ടർത്തൽ മനുഷ്യനിൽ നിന്ന് പാരമ്പര്യമായി കിട്ടിയത്: പഠനം

 അതിതീവ്ര കോവിഡ് രോഗബാധയ്ക്ക് സാധ്യതയേറ്റുന്ന സുപ്രധാന ജനിതക അപകടഘടകം, നിയാണ്ടർത്തൽ മനുഷ്യനിൽ നിന്ന് പാരമ്പര്യമായി കിട്ടിയത്: പഠനം

 സാർസ് – കോവ് -2 വൈറസ്  വയസായവരിൽ, പുരുഷൻമാരിൽ, മറ്റു രോഗബാധയുള്ളവരിൽ രോഗബാധ അതീതീവ്രമാകാനുള്ള അപകടഘടകങ്ങൾ ഏറെ കൂടുതലാണെന്നത് നാം മനസിലാക്കിയിരുന്നു.

കോവിഡ് രോഗബാധയുടെ തീവ്രതയിൽ ജനിതക അല്ലെങ്കിൽ പാരമ്പര്യ ഘടകങ്ങൾക്ക് പങ്കുണ്ടെന്നുള്ളത് അംഗീകരിക്കപ്പെട്ട വസ്തുതയായിരുന്നു. ഇപ്പോഴിതാ കോവിഡിന്റെ ജനിതക ബാന്ധവുമായി ബന്ധപ്പെട്ടു നടന്ന പുതിയ പഠനഫലങ്ങൾ ഈയാഴ്ചത്തെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

തീവ്ര കോവിഡ് രോഗബാധയ്ക്കു കാരണമാകുന്ന ജനിതക ഘടകം നിയാണ്ടർത്തൽ മനുഷ്യർ നമുക്ക് പാരമ്പര്യമായി സമ്മാനിച്ചതാണത്രേ! നിയാണ്ടർത്തലുകൾ വഴി വന്ന മേൽപ്പറഞ്ഞ ജനിതകഅംശം, ദക്ഷിണേഷ്യയിലെ 50 ശതമാനവും, യൂറോപ്പിലെ 16 ശതമാനവും ജനങ്ങൾ ഇന്നും വഹിക്കുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

കോവിഡ് രോഗവും ജനിതക ഘടനയുമായി ബന്ധപ്പെട്ടു മുൻപു നടന്ന പഠനമനുസരിച്ച് മനുഷ്യന്റെ ജനിതക ഘടനയിലെ രണ്ടു ഭാഗങ്ങളാണ് തീവ്രരോഗബാധയ്ക്കു കാരണമാകുന്നതായി കണ്ടെത്തിയിരുന്നത്. ക്രോമസോം 3-ൽ കാണപ്പെടുന്ന ആറു ജീനുകൾ അടങ്ങിയ ഭാഗം ഭാഗമായിരുന്നു ആദ്യത്തേത്, ക്രോമസോം 9-ൽ ABO ബ്ലഡ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഭാഗം രണ്ടാമത്തേതും.

ഇപ്പോഴിതാ ‘കോവിഡ്- 19 ഹോസ്റ്റ് ജനറ്റിക്സ് ഇനിഷ്യേറ്റീവ് ’ പുറത്തു വിടുന്ന പുതിയ പഠനഫലങ്ങളനുസരിച്ച് ക്രോമസോം 3-ലെ ഭാഗമാണ് മാത്രമാണ് കാര്യമായ രീതിയിൽ ജനിതകതലത്തിൽ കോവിഡ് തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഈ ഭാഗത്തിന്റെ ഭേദരൂപമുള്ളവരിലാണ് കടുത്ത രോഗബാധയ്ക്കും ആശുപത്രിവാസത്തിനുമുള്ള ജനിതക അപകട സാധ്യത കൂടുതലായുള്ളത്.

ക്രോമസോം 3-ലെ ഈ ജനിതക രൂപ ഭേദത്തിന് ( chr3:45,859,651-45,909,024,hg 19) 49.4 kb(Kilo-base) വലുപ്പമാണുള്ളത്. വംശനാശം സംഭവിച്ച നിയണ്ടർത്തൽ, ഡെനിസോവൻ മനുഷ്യ പൂർവികർ വർത്തമാനകാല മനുഷ്യന്റെ പൂർവികർക്ക് 40,000-60,000 വർഷങ്ങൾക്ക് മുൻപ് ഇത്തരം ജനിതകഭേദങ്ങൾ പകർന്നു നൽകിയതായി ശാസ്ത്രലോകത്തിനറിയാം. അൻപതിനായിരം വർഷങ്ങൾക്കു മുൻപ് ദക്ഷിണ യൂറോപ്പിലെ ക്രൊയേഷ്യയിൽ ജീവിച്ചിരുന്ന Vindija33.19 നിയണ്ടർത്തലിന്റെ ജനിതകഘടനയിൽ മേൽപ്പറഞ്ഞ ജനിതകഭേദം ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.

ആധുനിക മനുഷ്യന് പാരമ്പര്യമായി ലഭിച്ച മുഖ്യജനിതക ഭാഗത്തിന്റെ (Core haplotype) 13 നാനാ രൂപങ്ങളിൽ (SNPs) പതിനൊന്നെണ്ണം ക്രൊയേഷ്യൻ Vindija33.19 നിയണ്ടർത്തലുകളുടെ ജനിതകത്തിലും മൂന്നെണ്ണം ദക്ഷിണ സൈബീരിയയിൽ നിന്നുള്ള Altai, Chagyrskaya8 നിയണ്ടർത്തലുകളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിലൊന്നു പോലും ഡെനിസോവൻ ( Denisovan) ജനിതകത്തിൽ ഉണ്ടായിരുന്നില്ല.

333.8 kb ഹാപ്ലോടൈപ്പിൽ തീവ്ര കോവിഡ് ബാധയുമായി ബന്ധപ്പെടുത്തുന്ന ജീനുകൾക്ക് കൂടുതൽ സാമ്യം ക്രൊയേഷ്യൻ നിയണ്ടർത്തലുകളുമായിട്ടായിരുന്നു. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന 49.4kb വലുപ്പമുള്ള ജനിതക ഭാഗം ആധുനിക മനുഷ്യന് നിയാണ്ടർത്തലുകളിൽ നിന്ന് ( Vindija33.19) പകർന്നു കിട്ടിയതാണെന്ന ഉറച്ച നിഗമനമാണ് പഠനം നൽകുന്നത്.

2008 ജനുവരിയിലാണ് 1000 ജീനോംസ് ( 1000 Genomes Project- 1KGP ) എന്ന രാജ്യാന്തര ഗവേഷണത്തിന് തുടക്കമിടുന്നത്. മനുഷ്യനിലെ ജനിതക വ്യതിയാനവുമായി ബന്ധപ്പെട്ട വിശദ പഠനമായിരുന്നു ലക്ഷ്യം. ഇതിനായി വ്യത്യസ്ത വംശങ്ങളിൽപ്പെട്ട അജ്ഞാതരായ ആയിരം മനുഷ്യരുടെ മുഴുവൻ ജനിതക ഘടനയും പഠിച്ചെടുത്തു.

2015-ൽ പൂർത്തിയായ പഠനഫലമനുസരിച്ച് നോക്കിയാൽ നിയണ്ടർത്തലുകളിൽ നിന്ന് ലഭിച്ച ജനിതകഭാഗം ( haplotype) ആഫ്രിക്കക്കാരിൽ തീരെയില്ലായിരുന്നു. ദക്ഷിണേഷ്യക്കാരിൽ 30 %, യൂറോപ്പിൽ 8%, സങ്കര അമേരിക്കക്കാരിൽ 4%, കിഴക്കനേഷ്യയിൽ അൽപ്പസൊൽപ്പം എന്നിങ്ങനെയായിരുന്നു നിയാണ്ടർത്തൽ ബന്ധം. ബംഗ്ലാദ്ദേശികളിൽ ഇത് 63 ശതമാനം വരെയുണ്ടായിരുന്നു.