മകള്‍ നഷ്ടപ്പെട്ട വേദന മായും മുമ്പെ..; തടങ്കലിലാക്കിയിട്ടും തൃപ്തിയില്ല, ഹാഥ് രസിലെ പെൺകുട്ടിയുടെ കുടുംബത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നു, ഹത്രാസിൽ പ്രതികളെ അനുകൂലിച്ചും പ്രകടനം

 മകള്‍ നഷ്ടപ്പെട്ട വേദന മായും മുമ്പെ..; തടങ്കലിലാക്കിയിട്ടും തൃപ്തിയില്ല, ഹാഥ് രസിലെ പെൺകുട്ടിയുടെ കുടുംബത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നു, ഹത്രാസിൽ പ്രതികളെ അനുകൂലിച്ചും പ്രകടനം

ലഖ്നൗ: പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ് രസിലെ പെൺകുട്ടിയുടെ കുടുംബാം​ഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ്. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കിയത്. പെൺകുട്ടിയുടെ വീട്ടുകാരെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണപരിശോധന നീക്കവും വിവാദത്തിലാവുന്നത്.

പെൺകുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാൻ അനുവദിക്കാത്ത രീതിയിൽ പൊലീസ് വലയത്തിലാണ്. ഇത് വിവാദമായതിന് പിന്നാലെയാണ് അടുത്ത നടപടി.  അതേസമയം, സംഭവത്തിൽ മുഖം രക്ഷിക്കൽ നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ ഇന്നലെ രംഗത്തെത്തി. കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്ന് സൂപ്രണ്ട് ഉൾപ്പടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ പരിഗണയിലാണെന്നാണ് സൂചന.

അതിനിടെ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി തേടി പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്. കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടിയും പൊലീസ് വിലക്കിനെതിരെ പ്രതിഷേധവുമായി എത്തി. അതിനിടെ ഹത്രാസിൽ പ്രതികളെ അനുകൂലിച്ചും പ്രകടനം നടന്നു. സംഭവം രാഷ്ട്രീയം വിഷയമാക്കുന്നതിന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സവർണ്ണ പരിഷത്താണ് പ്രതിഷേധിച്ചത്.