ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്‍പില്‍ ചെന്നൈയുടെ പൊരുതല്‍ അവസാനിച്ചത് ഏഴ് റണ്‍സിന്‌

 ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്‍പില്‍ ചെന്നൈയുടെ പൊരുതല്‍ അവസാനിച്ചത് ഏഴ് റണ്‍സിന്‌

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്‍പില്‍ ഏഴ് റണ്‍സിനാണ് ചെന്നൈയുടെ പൊരുതല്‍ അവസാനിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ദുബായില്‍ ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 164 വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം നിശ്ചിയ ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157ല്‍ അവസാനിച്ചു. 42-4 എന്ന് തകര്‍ന്നിടത്ത് നിന്ന് ധോനിയും ജഡേജയും ചേര്‍ന്ന് ചെന്നൈയെ ജയത്തിന്  അടുത്തെത്തിച്ചെങ്കിലും ഫിനീഷ് ചെയ്യാനായില്ല.

ജഡേജ 35 പന്തില്‍ നിന്ന് 5 ഫോറും രണ്ട് സിക്‌സും പറത്തി 50 റണ്‍സ് നേടി. ധോനി 36 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്താവാതെ നിന്നു. തന്റെ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി റാഷിദ് ഖാനാണ് ചെന്നൈയെ വലിഞ്ഞു മുറുക്കുന്നതിന് നേതൃത്വം നല്‍കിയത്.

അവസാന ഓവറില്‍ 28 റണ്‍സ് ആണ് ചെന്നൈക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. അബ്ദുല്‍ സമദിന്റെ ഓവറില്‍ ധോനിയുടെ ഫിനിഷിങ് മാജിക് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ നിരാശരായി. നടരാജന്റേയും ഖലീല്‍ അഹ്മദിന്റേയും അവസാന ഓവറുകളില്‍ തുടരെ ബൗണ്ടറി ജഡേജയും ധോനിയും ബൗണ്ടറി കണ്ടെത്തിയെങ്കിലും ജയം തൊടാന്‍ അത് മതിയായില്ല.