ഞങ്ങള്‍ എന്തുപറയണമെന്നാണ്..? ആ പെൺകുട്ടി അനുഭവിച്ച ഭയത്തെക്കുറിച്ചോ?’; പ്രതികരണം ചോദിക്കുന്നവരോട് റിമ കല്ലിങ്കൽ

ഷോർട്ട്സ് വിഷയത്തിലും ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദത്തിലുമെല്ലാം നിലപാട് അറിയിച്ചവരുടെ പോസ്റ്റിന് താഴെ വന്ന് മറ്റ് വിഷയങ്ങൾ ഉന്നയിച്ചവർ നിരവധിയാണ്. അത്തരക്കാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ.
ഹാഥ് രാസിൽ 19 കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. “എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഞങ്ങള്‍ എന്തുപറയണമെന്നാണ്..? പെണ്‍കുട്ടി കടന്നുപോയ ഭീതിയെക്കുറിച്ച് ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ?
ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ? ഓരോ തവണയും ഹാഷ്‍ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍, ചെയ്യുന്നത് നിര്‍ത്തി സ്ക്രീനിലേക്ക് ഞങ്ങള്‍ തുറിച്ചു നോക്കാറുണ്ടെന്നോ? എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല” – റിമ കുറിച്ചു.