അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ടും പൊലീസ് പറയുന്നു, അവള്‍ ബലാത്സംഗത്തിനിരയായിട്ടില്ല, ശരീരത്തില്‍ ബീജം കണ്ടെത്തിയില്ല

 അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ടും പൊലീസ് പറയുന്നു, അവള്‍ ബലാത്സംഗത്തിനിരയായിട്ടില്ല, ശരീരത്തില്‍ ബീജം കണ്ടെത്തിയില്ല

ലക്‌നൗ: ഹാഥ്‌രസില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നതെന്ന് യുപി പൊലീസ്. പെണ്‍കുട്ടിയുടെ സാംപിളുകളില്‍ നടത്തിയ പരിശോധനയില്‍ ബീജം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നതെന്ന് ഡിജിപി പ്രശാന്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴുത്തിലേറ്റ പരിക്കിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫൊറന്‍സിസ് റിപ്പോര്‍ട്ടും പറയുന്നു. ചിലര്‍ ഈ സംഭവത്തെ ജാതി സംഘര്‍ഷമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്ന് ഡിജിപി കുറ്റപ്പെടുത്തി.

ഈ സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. അതു തുടരും. മാധ്യമങ്ങളിലൂടെ വിഷയത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും.

പെണ്‍കുട്ടിക്ക് ഉചിതമായ വൈദ്യസഹായം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 25നാണ് ഫൊറന്‍സിക് പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചതെന്ന് ഡിജിപി പറഞ്ഞു. സെപ്റ്റംബര്‍ 22ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പറഞ്ഞിരുന്നുവെന്ന് ഡിജിപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ തിടുക്കപ്പെട്ട സംസ്‌കരിച്ചത് വിവാദമായിരുന്നു. തങ്ങളെ വീട്ടില്‍ തടഞ്ഞുവച്ച് പൊലീസ് ബലംപ്രയോഗിച്ച് സംസ്‌കാരം നടത്തുകയായിരുന്നെന്ന ആരോപണവുമായി വീട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്.