വിമാനത്തില്‍ വെച്ച് ഭാര്യ മരിച്ചതായി ഭര്‍ത്താവിന് എയര്‍ ഇന്ത്യയുടെ അറിയിപ്പ്; തൈക്കാട്ടെ വീട്ടില്‍ കൂട്ടക്കരച്ചില്‍ ഉയരുന്നതിനിടെ വാഷിങ്ടണില്‍ എത്തിയതായി അറിയിച്ച് ‘പരേതയുടെ’ ഫോണ്‍ കോള്‍; അപ്പോഴും നിങ്ങളുടെ ഭാര്യ മരിച്ചു എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണെന്ന് എയര്‍ ഇന്ത്യ !

തിരുവനന്തപുരം: വാഷിങ്ടനിലേക്കുള്ള യാത്രക്കിടയില്‍ ഭാര്യ വിമാനത്തില്‍ വെച്ച് മരിച്ചതായാണ് എയര്‍ ഇന്ത്യ തൈക്കാടുള്ള ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം വാഷിങ്ടണില്‍ എത്തിയതായി അറിയിച്ച് പരേതയുടെ ഫോണ്‍ കോള്‍ എത്തി.
വാഷിങ്ടണിലേക്ക് യാത്ര തിരിച്ച മലയാളി ഡോക്ടര്‍ വിമാനത്തില്‍ സീറ്റ് മാറി ഇരുന്നതാണ് ആശയ കുഴപ്പം സൃഷ്ടിച്ചത്. പേരും മറ്റ് വിലാസങ്ങളും ഭര്‍ത്താവായ ഡോ.കെ.എം.വിനായക്കിനെ എയര്‍ ഇന്ത്യ അറിയിച്ചതോടെ തൈക്കാട് നിത്യ വൈശാഖ് വസതിയില്‍ കരച്ചിലിലേക്ക് വീണിരുന്നു. തിരുവനന്തപുരം-ഡല്‍ഹി-വാഷിങ്ടന്‍ വിമാനത്തിലാണു വിനായക്കിന്റെ ഭാര്യ ചൊവ്വാഴ്ച ഇവിടെ നിന്നു പുറപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നു വിമാനത്തില്‍ കയറിയ വിവരവും അവര്‍ ഭര്‍ത്താവിനെ അറിയിച്ചിരുന്നു.
ഭാര്യയുടെ മരണ വിവരം കേട്ടതോടെ തകര്‍ന്നു പോയ ഡോക്ടര്‍ തിരുവനന്തപുരത്തുള്ള സഹോദരനെ വിളിച്ചു ദുരന്തവാര്‍ത്ത അറിയിച്ചു. ആകെ കരച്ചിലും ബഹളവും. അതിനിടെ, വാഷിങ്ടനില്‍ ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏര്‍പ്പാടുകളും ചെയ്യാനൊരുങ്ങി.
ഇതിനായി അവിടുത്തെ കെയര്‍ടേക്കര്‍ ഗ്ലോറിയെ ബന്ധപ്പെട്ടപ്പോള്‍ ‘താങ്കള്‍ എന്താണു പറയുന്നത്, ഞാന്‍ മാഡത്തിനെ എയര്‍പോര്‍ട്ടില്‍ നിന്നു വിളിക്കാന്‍ പോവുകയാണ്. ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ”വെന്ന മറുപടിയാണ് ലഭിച്ചത്. അതിനിടെ വിനായക്കിനെ ഭാര്യ തന്നെ വിളിച്ചു താന്‍ എത്തിയ വിവരം അറിയിച്ചു.
ഇതോടെ എയര്‍ ഇന്ത്യയിലേക്ക് രോഷാകുലനായി വിളിച്ച ഡോക്ടറോട് അവര്‍ ആവര്‍ത്തിച്ചു, നിങ്ങളുടെ ഭാര്യ മരിച്ചു എന്നത് തീര്‍ച്ചയാണ്, പൈലറ്റിന്റെ സന്ദേശമുണ്ടായിരുന്നു…
വിമാനത്തില്‍ സഞ്ചരിച്ച മറ്റൊരു യാത്രക്കാരന്‍ വഴിയാണ് സംഭവത്തിന്റെ യഥാര്‍ഥ വശം വെളിപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നു കയറുമ്പോള്‍, ബിസിനസ് ക്ലാസില്‍ വനിതാ ഡോക്ടര്‍ക്ക് അനുവദിച്ച സീറ്റില്‍ മറ്റൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ ആ സീറ്റില്‍ ഇരിക്കേണ്ടെന്നു കരുതി ഡോക്ടര്‍ മറ്റൊരു സീറ്റിലേക്കു മാറി. ഡോക്ടര്‍ക്ക് അനുവദിച്ച സീറ്റിലിരുന്ന സ്ത്രീയാണു യാത്രയ്ക്കിടെ മരിച്ചത്.