കൈകള്‍ തലയ്ക്കു മുകളിലേക്ക് മടക്കി വെച്ച് കെട്ടിയിട്ടു, ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത മനുഷ്യനെയാണ് കെട്ടിയിട്ടത്; സമയത്ത് ആഹാരം നല്‍കിയില്ല; ഇങ്ങനെ ഇരുപതോളം ദിവസം നരക ജീവിതം, ശരീരത്തില്‍ പുഴു അരിച്ച അനില്‍ അനുഭവിച്ച നരകയാതന

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്.കൈകള്‍ തലയ്ക്കു മുകളിലേക്ക് മടക്കി വെച്ച് കെട്ടിയിട്ടു. കാലുകള്‍ കട്ടില്‍ കാലില്‍ കെട്ടിയിട്ടു. സമയത്ത് ആഹാരം നല്‍കിയില്ല. ഇങ്ങനെ ഇരുപതോളം ദിവസം നരക ജീവിതം.
‘അച്ഛന്റെ കൈകള്‍ തോളിന് സമാന്തരമായാണ് ഇരിക്കുന്നത്. താഴ്ത്താന്‍ പറ്റുന്നില്ല. ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത മനുഷ്യനെയാണ് കെട്ടിയിട്ടത്. കെട്ടിയിട്ട കൈയുടെ മുട്ടിന്റെ ഭാഗത്തു നിന്നാണ് രക്തം കുത്തിയെടുത്തത്. ഇതിന്റെ പാടുകള്‍ ഇപ്പോഴുമുണ്ട്. സമയത്ത് ആഹാരം നല്‍കിയിരുന്നില്ല. കൊവിഡ് പോസിറ്റീവാകുന്നതിന് മുൻപ് ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് കൊവിഡ് ബാധിച്ച ശേഷമാണ് ശ്വാസകോശ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഡയപ്പര്‍ പോലും മാറ്റിയിരുന്നില്ല’. സ്വന്തം അച്ഛന്‍ അനുഭവിച്ച നരകയാതനകള്‍ വിവരിക്കുമ്പോള്‍ മകന്‍ അഭിലാഷിന് കണ്ണീരടക്കാനാകുന്നില്ല.
വീട്ടിലെ പടി കയറുമ്പോള്‍ വീണാണ് അച്ഛന് പരിക്കേറ്റത്. പേരൂര്‍ക്കട ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സ്ഥിതി ഗുരുതരമാണെന്നും എംആര്‍ഐ സ്‌കാനിംഗ് വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവനക്കാര്‍ മൂന്ന് ദിവസത്തിന് ശേഷമുള്ള തീയതിയാണ് നല്‍കിയത്.
പുറത്ത് പോയി സ്‌കാന്‍ ചെയ്യാന്‍ അനുവദിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടും കിട്ടിയത്. ശനിയാഴ്ച വിടുതല്‍ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. പിറ്റേന്ന് അച്ഛനുമായി മടങ്ങാന്‍ നേരം ചികിത്സാ റിപ്പോര്‍ട്ട് തന്നില്ല. പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് തന്നത്’, അഭിലാഷ് പറയുന്നു.