‘പാതയിലെ നെരുങ്കി മോളു പൂവ്വക്കൊടി വന്നാമാ..! നാഞ്ചിയമ്മ വീണ്ടും; അയ്യപ്പനും കോശിയിലും കലക്കാത്ത പാടിയ ഗായികയെ ചേർത്തു പിടിച്ച് ഐ.എം. വിജയൻ

 ‘പാതയിലെ നെരുങ്കി മോളു പൂവ്വക്കൊടി വന്നാമാ..! നാഞ്ചിയമ്മ വീണ്ടും; അയ്യപ്പനും കോശിയിലും കലക്കാത്ത പാടിയ ഗായികയെ ചേർത്തു പിടിച്ച് ഐ.എം. വിജയൻ

‘പാതയിലെ നെരുങ്കി മോളു പൂവ്വക്കൊടി വന്നാമാ..’ എന്ന് അയ്യപ്പനും കോശിയും സിനിമയിലെ ‘കലക്കാത്ത’ പാടി കലക്കിമറിച്ച നാഞ്ചിയമ്മ പാടിയപ്പോൾ ഐ.എം. വിജയന്റെ മുഖത്ത് സന്തോഷം വിടർന്നു. ഇത് കേരളം നെഞ്ചിലേറ്റി നൃത്തംചെയ്യുന്ന ഒരുപാട്ടായി മാറുമെന്ന് സംവിധായകൻ വിജീഷ് മണിയും.

ഏരീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മ് മ് മ് ‘ എന്ന സിനിമയ്ക്ക് വേണ്ടിയാണ് നാഞ്ചിയമ്മ പാടിയത്. ജുബൈർ മുഹമ്മദ് സംഗീതം നല്‍കിയ പാട്ടിന്റെ നാടൻ ശീലുള്ള വരികൾ എഴുതിയതും നാഞ്ചിയമ്മ തന്നെയാണ്. അമേരിക്കൻ ഗായകനായ എഡൻ മൊള്ളയാണ് ഈ സിനിമയിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രീരാഗം സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗിൽ ജയരാജ് വാര്യർ, പളനിസ്വാമി എന്നിവരും പങ്കെടുത്തിരുന്നു. പാരിസ്ഥിതിക അവബോധത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രീകരിക്കുന്ന സിനിമയിൽ ഐ.എം. വിജയൻ തന്നെയാണ് മുഖ്യവേഷം കൈകാര്യം ചെയ്യുന്നത്. ആഗോള വേദികൾ ലക്ഷ്യമിട്ട് വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പിന്നണിയിൽ നിരവധി വിദേശ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്.

ജുൺ അഞ്ച് പരിസ്ഥിതി ദിനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകൾക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം. ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങൾക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മഹാമാരികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതൽ ശക്തമാവുമെന്നും അണിയറക്കാർ അവകാശപെടുന്നു.

ഗ്രാമി അവാർഡ് ജേതാക്കളായ കലാകാരന്മാർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന എഡനിന്റെ സംഗീതം, ന്യൂയോർക്കിലെ ബ്രൂക്ലിൻ മാരത്തൺ, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എഡോണിന്റെ ആദ്യ ആൽബം ‘അലോൺ’ നാല് മാസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളിൽ എത്തിയിരുന്നു . ആദ്യമായാണ് എഡൻ ഒരു വിദേശ ചിത്രത്തിന്റെ ഭാഗമാകുന്നത്.