‘എപിവാക് കൊറോണ’ യുമായി റഷ്യ വീണ്ടും, സ്ഫുട്‌നിക് 5നെക്കാള്‍ മികച്ചത്; വാക്‌സിന്‍ പരീക്ഷണത്തില്‍ ‘ഫസ്റ്റ് പ്രൈസും സെക്കന്‍ഡ് പ്രൈസും’ കരസ്ഥമാക്കി റഷ്യ

മോസ്‌കോ: കോവിഡിനെതിരെയുള്ള രണ്ടാമത്തെ വാക്‌സിനുമായി റഷ്യ. സൈബീരിയയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജി വെക്ടര്‍ അഥവാ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ‘എപിവാക് കൊറോണ’ എന്ന വാക്‌സീന്റെ പരീക്ഷണങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്.
”എപിവാക് കൊറോണ വാക്‌സീന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ സുരക്ഷിതമായും ഫലപ്രദമായും വിജയിച്ചു” വെക്ടറുടെ പ്രസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ മാസം ആദ്യമാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സീന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയായത്.
അംഗീകാരത്തിനു ശേഷമുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷം രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന പെപ്‌റ്റൈഡുകളെ അടിസ്ഥാനമാക്കി വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് അന്തിമ നിഗമനങ്ങളില്‍ എത്താന്‍ കഴിയുമെന്ന് വെക്ടര്‍ അറിയിച്ചു. വെക്ടറുടെ വാക്‌സിന് മൂന്നാഴ്ചയ്ക്കുള്ളില്‍ അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം റഷ്യയുടെ ആദ്യ കൊവിഡ് വാക്‌സീനായ സ്പുട്നിക് V നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു നല്‍കിയത്. ഓരോ വളന്റിയര്‍മാരിലും വാക്‌സീന്റെ രണ്ട് ഡോസുകള്‍ വീതമാണ് കുത്തിവെച്ച്. ഇവരില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 15ന് ‘എപിവാക് കൊറോണ’ വാക്‌സീന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയുടെ ആദ്യ കൊവിഡ് വാക്‌സീനായ സ്പുട്‌നിക് V വളരെ ധൃതിപ്പിടിച്ചാണ് പുറത്തെത്തിച്ചതെന്നും മനുഷ്യരില്‍ കൊവിഡ് വാക്‌സീന്‍ പരീക്ഷണം നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും പ്രകടപ്പിച്ച് ലോകാരോഗ്യ സംഘടനയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മകളിലടക്കം ഈ വാക്‌സീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെച്ചാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്.