ബലാത്സംഗം ചെയ്യപ്പെട്ടോയെന്ന് അറിയില്ല, അങ്ങനെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല, പറയുന്നത് പരിക്കുകള്‍ ഉണ്ടെന്നാണ്; ഹാഥ്‌രാസ് സംഭവത്തില്‍ പൊലീസ്

 ബലാത്സംഗം ചെയ്യപ്പെട്ടോയെന്ന് അറിയില്ല, അങ്ങനെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല, പറയുന്നത് പരിക്കുകള്‍ ഉണ്ടെന്നാണ്; ഹാഥ്‌രാസ് സംഭവത്തില്‍ പൊലീസ്

യുപി: ഹാഥ്‌രാസില്‍ മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നോയെന്ന് വ്യക്തമല്ലെന്ന് ജില്ലാ പൊലീസ് മേധാവി. ഡോക്ടര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് എസ്പി വിക്രാന്ത് വീര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

”അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് പരിക്കുകള്‍ ഉണ്ടെന്നാണ്. ബലാത്സംഗത്തിന് വിധേയയായിരുന്നോ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇപ്പോഴും ഡോക്ടര്‍മാര്‍ അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അവര്‍ ഫോറന്‍സിക് പരിശോധനയ്ക്കു കാക്കുകയാണ്”- എസ്പി പറഞ്ഞു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റുംമുമ്പ് പെണ്‍കിട്ടി അലിഗഢിലെ ചികിത്സയില്‍ ആയിരുന്നു.

കുറ്റകൃത്യം നടന്ന സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചതായി എസ്പി അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു. അവരില്‍നിന്ന്  ഇന്നും മൊഴിയെടുക്കും. അ്‌ന്വേഷണം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് എസ്പി പറഞ്ഞു.

”ഹാഥ്‌രാസിന്റെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ അനുവദിക്കില്ല. മാധ്യമങ്ങളെ ഉള്‍പ്പെടെ ആരെയും ഇവിടേക്കു കടത്തിവിടില്ല” എസ്പി പറഞ്ഞു.