‘ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ’ ! ‘അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് എല്ലാം ചെയ്തത്. ഞങ്ങള്‍ ഭയന്നുപോയി. ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ഞങ്ങളെ പൊലീസ് നിര്‍ബന്ധിച്ചു. രാവിലെ ചെയ്യാമെന്ന് പറഞ്ഞിട്ടും പുലര്‍ച്ചെ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചു; ഞങ്ങളെ മാറ്റിനിര്‍ത്തി’; ഹഥ്‌രാസിലെ യുവതിയുടെ സഹോദരന്‍ പറയുന്നു

 ‘ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ’ ! ‘അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് എല്ലാം ചെയ്തത്. ഞങ്ങള്‍ ഭയന്നുപോയി. ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ഞങ്ങളെ പൊലീസ് നിര്‍ബന്ധിച്ചു. രാവിലെ ചെയ്യാമെന്ന് പറഞ്ഞിട്ടും പുലര്‍ച്ചെ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചു; ഞങ്ങളെ മാറ്റിനിര്‍ത്തി’; ഹഥ്‌രാസിലെ യുവതിയുടെ സഹോദരന്‍ പറയുന്നു

ലഖ്നൗ: യുപിയിലെ ഹഥ്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ പൊലീസ് അനാവശ്യ ധൃതി കാണിച്ചതായി ബന്ധുക്കളുടെ ആരോപണം. രാവിലെ മൃതദേഹം സംസ്‌കരിക്കാമെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് പുലര്‍ച്ചെ തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോയതായി ദലിത് യുവതിയുടെ സഹോദരന്‍ ആരോപിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെ ആണ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത്. സഹോദരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്ന് ഹഥ്രാസില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളുടെ പ്രതിഷേധം വകവെക്കാതെയാണ് സംസ്‌കരിച്ചത്. ‘അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് എല്ലാം ചെയ്തത്. ഞങ്ങള്‍ ഭയന്നുപോയി. ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ഞങ്ങളെ പൊലീസ് നിര്‍ബന്ധിച്ചു. രാവിലെ ചെയ്യാമെന്ന് പറഞ്ഞിട്ടും പുലര്‍ച്ചെ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചു.’- സഹോദരന്‍ പറയുന്നു.

‘സഹോദരിയുടെ മരണത്തില്‍ സംസ്ഥാന സര്‍്ക്കാര്‍ ഇടപെടണം. ശരിയായ അന്വേഷണം നടത്തി പ്രതികള്‍ക്ക് തൂക്കുകയര്‍ വാങ്ങി കൊടുക്കണം. ഞങ്ങള്‍ക്ക് മതിയായ സംരക്ഷണം തരണം. ഭരണകൂടം അനാവശ്യമായി ഞങ്ങളില്‍ സമ്മര്‍ദ്ദം അടിച്ചേല്‍്പ്പിക്കുകയാണ്. ലോക്കല്‍ പൊലീസില്‍ വിശ്വാസമില്ല. സഹോദരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം’- സഹോദരന്‍ ആവശ്യപ്പെട്ടു.

യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യുപി പൊലീസ് സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കനത്ത പോലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹഥ്രാസില്‍ എത്തിച്ചത്. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന സമയത്ത് കുടുംബത്തെയും ബന്ധുക്കളെയും വീട്ടില്‍ പൂട്ടിയിട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സെപ്തംബര്‍ 14നാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ല് മുറിക്കാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.  ഇരുകാലും പൂര്‍ണമായും തളര്‍ന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദര്‍ജങ്ങിലേക്കു മാറ്റിയത്. യുവതിയെ ‘ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ’ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.