ആശുപത്രിയില്‍ നിന്നും പുഴുവരിച്ച നിലയില്‍ വീട്ടിലെത്തിയ അനില്‍കുമാര്‍ അനുഭവിച്ചത് കണ്ണില്ലാത്ത ക്രൂരത; ധരിച്ചിരുന്ന ഡയപ്പര്‍ 22 ദിവസമായി മാറ്റിയിരുന്നില്ല

 ആശുപത്രിയില്‍ നിന്നും പുഴുവരിച്ച നിലയില്‍ വീട്ടിലെത്തിയ അനില്‍കുമാര്‍ അനുഭവിച്ചത് കണ്ണില്ലാത്ത ക്രൂരത; ധരിച്ചിരുന്ന ഡയപ്പര്‍ 22 ദിവസമായി മാറ്റിയിരുന്നില്ല

തിരുവനന്തപുരം; കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയവെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ വട്ടിയൂർക്കാവ് സ്വദേശി ആർ. അനിൽകുമാർ അനുഭവിച്ചത് കണ്ണില്ലാത്ത ക്രൂരത. 22 ദിവസമായി അച്ഛന്റെ ഡയപ്പർ മാറ്റിയില്ലെന്നാണ് മകൾ അഞ്ജന പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ദാരുണ സംഭവമുണ്ടായത്.

കോവിഡ് ഭയന്ന് വാർഡിലെ ജീവനക്കാർ അച്ഛനെ തിരിഞ്ഞു നോക്കിയില്ല. കോവിഡ് ചികിത്സയിലിരിക്കെ ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അച്ഛൻ ജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ പറഞ്ഞതായും, ഗുരുതരാവസ്ഥയിലാണെന്നു ബോധ്യപ്പെട്ടതായി മക്കളുടെ കയ്യിൽ നിന്ന് എഴുതി വാങ്ങിയെന്നും അഞ്ജന പറയുന്നു.

ഈ മാസം 6 നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അന്നാണു രാവിലെ മകൻ അഭിലാഷും ബന്ധുക്കളും ചേർന്നു ശരീരം തുടച്ച ശേഷം, പുതിയ ഡയപ്പർ ധരിപ്പിച്ചത്. അനിൽകുമാറിന്റെ ശരീരം പുഴുവരിച്ചതിനെക്കുറിച്ച്‌ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 ന് അകം റിപ്പോർട്ട് സമർപ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

അനിൽകുമാറിന്റെ ഭാര്യ എസ്. അനിതകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.