പ്രവാസിയായ ഭര്‍ത്താവിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായി; ഉയരങ്ങള്‍ എത്തിപ്പിടിച്ച് അശ്വതി, തെങ്ങു കയറാനും തേങ്ങയിടാനും മടിയില്ല !

 പ്രവാസിയായ ഭര്‍ത്താവിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായി; ഉയരങ്ങള്‍ എത്തിപ്പിടിച്ച് അശ്വതി, തെങ്ങു കയറാനും തേങ്ങയിടാനും മടിയില്ല !

തണ്ണിത്തോട് : തെങ്ങു കയറാനും തേങ്ങയിടാനും അശ്വതിക്ക് മടിയില്ല. വനിതകൾ ഏറെയൊന്നും കടന്നുവരാത്ത മേഖലയിലേക്ക് തണ്ണിത്തോട് കൂത്താടിമൺ കാളിയാനിക്കൽ അശ്വതി (29) തെങ്ങുകയറ്റത്തിൽ സജീവമായത് കോവിഡ് കാലത്താണ്. ഭർത്താവ് രണദീപ് പ്രവാസിയാണെങ്കിലും കോവിഡ് കാലത്ത് ജോലിയില്ലാതെ വന്നതോടെ കുടുംബം പ്രയാസത്തിലായിരുന്നു. അശ്വതി തെങ്ങുകയറി ലഭിച്ച വരുമാനമാണ് മാസങ്ങളോളം കുടുംബ ചെലവുകൾ ന‍ടത്തിയത്.

2 കുട്ടികളും ഭർത്താവിന്റെ മാതാപിതാക്കളും ഉൾപ്പെടുന്നതാണ് ഇവരുടെ കുടുംബം. തണ്ണിത്തോട് കൃഷിഭവന്റെ കീഴിലുള്ള കാർഷിക കർമസേന അംഗമായ അശ്വതിക്ക് തെങ്ങുകയറ്റത്തിൽ പരിശീലനം ലഭിച്ചിരുന്നു.

പഴയ തെങ്ങുകയറ്റ യന്ത്രം സ്വന്തമായി വാങ്ങിയ ശേഷമാണ് സമീപ മേഖലകളിൽ തെങ്ങുകയറാൻ തുടങ്ങിയത്. തെങ്ങുകയറ്റം സ്ഥിര വരുമാന മാർഗമായി കാണുന്ന അശ്വതി കാർഷിക കർമസേനയുടെ പ്രവർത്തനങ്ങളും പശു വളർത്തലും ഒപ്പം ചെയ്യുന്നു. വിഎച്ച്സി അഗ്രികൾചർ, എഎൻഎം കോഴ്സുകളും അശ്വതി പൂർത്തിയാക്കിയിട്ടുണ്ട്.