കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍, ദേഹത്തു നിന്നും അസഹ്യമായ തരത്തില്‍ ദുര്‍ഗന്ധം; ദുരനുഭവം നേരിട്ടത് വട്ടിയൂര്‍ക്കാവ് സ്വദേശിക്ക്

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് സ്വദേശിയായ കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍.
തെന്നി വീണ് പരിക്കേറ്റതിന് ചികില്‍സ തേടിയാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 21 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ തെന്നി വീണാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചിച്ച അനില്‍കുമാറിനെ ഐസിയുവിലേക്ക് മാറ്റി. 24 ന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ ഈ മാസം ആറിന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസ്റ്റീവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹത്തെ പരിചരിച്ചിരുന്ന മക്കളോടും കുടുംബാംഗങ്ങളോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. 26 ന് ഇദ്ദേഹം കോവിഡ് നെഗറ്റീവായി.
ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ദേഹത്തു നിന്നും അസഹ്യമായ തരത്തില്‍ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടെത്തി. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയുടെ കുടുംബം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പരാതി നല്‍കി.