കാഴ്ചയില്ലാത്ത ആരാധകന് എസ്പിബി നല്‍കിയ സര്‍പ്രൈസ്; കണ്ണു നിറയാതെ ഈ വിഡിയോ കാണാനാവില്ല

 കാഴ്ചയില്ലാത്ത ആരാധകന് എസ്പിബി നല്‍കിയ സര്‍പ്രൈസ്; കണ്ണു നിറയാതെ ഈ വിഡിയോ കാണാനാവില്ല

പതിനായിരക്കണക്കിന് ഗാനങ്ങളും നിരവധി മികച്ച ഓര്‍മകളും ബാക്കിവെച്ചാണ് എസ്പി ബാലസുബ്രഹ്മണ്യം എന്ന അതുല്യ പ്രതിഭ വിടപറഞ്ഞത്. എന്നാല്‍ ലോകം അദ്ദേഹത്തെ വാഴ്ത്തുന്നത് സംഗീതത്തിന്റെ പേരില്‍ മാത്രമല്ല അദ്ദേഹത്തിന്റെ സഹജീവി സ്‌നേഹത്തിന്റെ പേരില്‍ കൂടിയാണ്.

തന്റെ സഹപ്രവര്‍ത്തകരോടും ആരാധകരോടുമുള്ള അദ്ദേഹത്തിന്റെ ചില വിഡിയോകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് കാഴ്ച നഷ്ടപ്പെട്ട തന്റെ ആരാധകന് സര്‍പ്രൈസ് നല്‍കിയ എസ്പിബിയുടെ പഴയ വിഡിയോ ആണ്.

ശ്രീലങ്കന്‍ സ്വദേശിയായ മാരന്‍ എന്ന യുവാവിനൊപ്പമുള്ളതാണ് വിഡിയോ. ശ്രീലങ്കയിലുണ്ടായ ഒരു സ്‌പോടനത്തിലാണ് മാരന് തന്റെ കാഴ്ച നഷ്ടപ്പെടുന്നത്. തനിക്ക് കാഴ്ച പോയപ്പോള്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഗാനങ്ങളാണ് തനിക്ക് സ്വാന്തനമേകിയത് എന്നാണ് മാരന്‍ പറയുന്നത്. എസ്പിബിയെ കാണുക എന്നത് തന്റെ ഏറെനാളായിട്ടുള്ള ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. എസ്പിബിയുടെ ചിന്ന പുര ഒന്‍ട് എന്ന ഗാനവും മാരന്‍ പാടി. അതിനിടെ മാരന്‍ ഇരിക്കുന്ന കസേരയ്ക്ക് പിന്നില്‍ വന്നു നിന്ന എസ്പിബി മാരനൊപ്പം പാട്ടു പാടാന്‍ തുടങ്ങി.

ശബ്ദം കേട്ട് അമ്പരന്ന മാരനോട് തനിക്ക് എസ്പിബിയെ പോലെ പാടാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എസ്പിബി തന്നെയാണെന്ന് കരുതി എന്നു പറഞ്ഞ മാരനോട് എന്റെ പേരും ബാലസുബ്രഹ്മണ്യം എന്നാണ് എന്നായിരുന്നു മറുപടി. കസേരയില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ച മാരനെ കസേരയില്‍ തന്നെ പിടിച്ചിരുത്തി ചേര്‍ത്തുപിടിച്ചു. നിങ്ങളെ സന്തോഷിപ്പിക്കുന്നതില്‍ വലുതായി ഒന്നുമില്ല എന്നായിരുന്നു അദ്ദേഹം മറുപടിയായി പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഈ വിഡിയോ. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.