വീട്ടില്‍ കയറി തല്ലി, മോഷണം നടത്തി; ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ ജാമ്യമില്ലാ കേസ് !

തിരുവനന്തപുരം: നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി നായരുടെ പരാതിയിലാണ് കേസ്. ഭാഗ്യലക്ഷ്മിയും കൂട്ടരും വീട് കയറി ആക്രമിച്ചെന്നും ലാപ്ടോപ്പ് അടക്കമുള്ളവ അപഹരിച്ചു എന്നുമാണ് പരാതി. തമ്പാനൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് വിഡിയോയിൽ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഇവർ കയ്യേറ്റം ചെയ്യുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ നേരത്തെ സമീഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്റ്റാച്യുവിൽ ഗാന്ധാരിയമ്മൻ കോവിലിൽ വിജയ് പി നായർ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം.
ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയിൽ വിജയ് പി നായർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്.