വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞ്; തലനാരിഴയ്ക്ക് രക്ഷകനായി ബൈക്ക് യാത്രികൻ

 വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞ്; തലനാരിഴയ്ക്ക് രക്ഷകനായി ബൈക്ക് യാത്രികൻ

റോഡിലേക്ക് അതിവേഗം ഉരുണ്ടുവരുന്ന ഒരു വാക്കർ. അതുവഴി വന്ന ബൈക്ക് യാത്രികൻ ബൈക്കുപേക്ഷിച്ച് ഓടിപ്പോയി താഴേക്ക് ഉരുങ്ങിറങ്ങിയ ആ വാക്കർ പിടിച്ചു നിർത്തി അതിൽ നിന്നും ഒരു പിഞ്ചു കുഞ്ഞിനെ വാരിയെടുക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയാണിത്. കോവിഡിന്‍റെ ഈ പ്രതിസന്ധി കാലത്തും മനുഷ്യത്വം പ്രകടമാകുന്ന ഇത്തരം കാഴ്ചകളാണ് മനസിന് അൽപമെങ്കിലും ആശ്വാസം പകരുന്നത്.

സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നുള്ള ഈ വീഡിയോ വൈറലായെങ്കിലും അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ‘റോഡിന്‍റെ ഒരു വശത്തുനിന്നും അതിവേഗത്തിൽ ഉരുണ്ടു വരുന്ന ഒരു വാക്കറാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. റോഡ് മുറിച്ചു കടന്ന് ചരിഞ്ഞ പ്രദേശത്തേക്ക് അത് ഉരുണ്ട് ഇറങ്ങുകയാണ്.

ഇതിനിടെയാണ് ഒരു ബൈക്ക് യാത്രികൻ അതുവഴിയെത്തുന്നത്. ഒരുനിമിഷം പോലും ചിന്തിച്ച് നിൽക്കാതെ ബൈക്ക് നിർത്താൻ പോലും സമയം പാഴാക്കാതെ അത് അവിടെയിട്ട് അയാൾ വാക്കറിന് പിറകെ ഓടി അത് മുന്നോട്ട് വീഴുന്നതിന് മുമ്പ് തടഞ്ഞു നിർത്തി. അതിൽ നിന്നും കുഞ്ഞിനെയെടുത്തു. അപ്പോഴേക്കും വാക്കറിനെ പിന്നാലെ ഒരു സ്ത്രീയും അവിടെക്കെത്തിയിരുന്നു. കുഞ്ഞിനെ അവര്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാം’

ചിന്തിക്കാൻ പോലും ഒരുനിമിഷം പാഴാക്കാതെ ആ ബൈക്കുകാരൻ നടത്തിയ ഇടപെടലിനെ പ്രശംസിക്കുകയാണ് നെറ്റിസൺസ്. ഒരു പക്ഷെ ഒരു വലിയ അപകടത്തിൽ നിന്നു തന്നെയാണ് അയാൾ ആ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചതും.

യഥാർഥ ഹീറോ എന്നാണ് സോഷ്യൽ മീഡിയ ഇയാളെ വിശേഷിപ്പിക്കുന്നത്. കൊളംബിയയിലെ ഫ്ലോറൻസിയയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ. ഇവിടെ റിങ്കൺ ദെ ലാ എസ്ട്രേല്ലയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് സംഭവം നടന്നത്.