ഭർത്താവിന്റെ പ്രകടനം മോശമായതിന് ഭാര്യയ്‌ക്കെതിരെ ഇത്തരമൊരു പരാമർശം നടത്തിയത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു; ‘ലോക്ഡൗൺ കാലത്ത് കോലി അനുഷ്ക ശർമയുടെ ബോളിങ് മാത്രമേ നേരിട്ടിട്ടുള്ളൂ’ എന്ന വിവാദ പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഗവാസ്‌കര്‍

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കിങ്സ് ഇലവൻ പഞ്ചാബ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ വിരാട് കോലിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ പേരിൽ പുലിവാലു പിടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൂടിയായ കമന്റേറ്റർ സുനിൽ ഗാവസ്കർ.
മത്സരത്തിൽ ബാംഗ്ലൂർ നായകന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്‌ക്കുമെതിരെ ഗാവസ്കർ വിവാദ പരാമർശം നടത്തിയത്. ഗാവസ്കറിന്റെ കമന്റ് അദ്ദേഹത്തേപ്പോലൊരു വ്യക്തിക്ക് ചേരുന്നതല്ലെന്ന അഭിപ്രായവുമായി ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യങ്ങളിലൂടെ രംഗത്തെത്തിയത്. പ്രതികരണവുമായി അനുഷ്ക ശർമയും രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു.
കോലിയുടെ മോശം ഫോമിന്റെ പശ്ചാത്തലത്തിൽ, ‘ലോക്ഡൗൺ കാലത്ത് കോലി അനുഷ്ക ശർമയുടെ ബോളിങ് മാത്രമേ നേരിട്ടിട്ടുള്ളൂ’ എന്നായിരുന്നു തമാശരൂപേണ ഗാവസ്കറിന്റെ കമന്റ്. ലോക്ഡൗണിനിടെ മുംബൈയിലെ ഫ്ലാറ്റിൽ ക്രിക്കറ്റ് കളിക്കുന്ന കോലിയുടെയും അനുഷ്കയുടെയും വിഡിയോ വൈറലായിരുന്നു.
ഈ വിഡിയോ മുൻനിർത്തിയാണ് ഗാവസ്കർ ഇത്തരമൊരു പരാമർശം നടത്തിയതെങ്കിലും അദ്ദേഹം തിരഞ്ഞെടുത്ത വാക്കുകളാണ് വിമർശിക്കപ്പെടുന്നത്. അതേസമയം, ഗാവസ്കറിനെ പിന്തുണച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി. ഗാവസ്കറിനെപ്പോലൊരാൾ മോശം അർഥത്തിലല്ല ഇത്തരമൊരു പരാമർശം നടത്തിയതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ഗാവസ്കറിന്റെ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി അനുഷ്ക ശർമ രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഷ്കയുടെ മറുപടി.
മിസ്റ്റർ ഗാവസ്കർ, താങ്കളുടെ പരാമർശം അപമാനകരമാണ് എന്നത് വസ്തുതയാണ്. ഭർത്താവിന്റെ പ്രകടനം മോശമായതിന് ഭാര്യയ്‌ക്കെതിരെ ഇത്തരമൊരു പരാമർശം നടത്തിയത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇക്കാലമത്രയും കമന്ററി ജീവിതത്തിൽ താങ്കൾ മറ്റു ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ ജീവിതത്തെ മാനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതേ ബഹുമാനം ഞാനും ഞങ്ങളും അർഹിക്കുന്നില്ലന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?
കഴിഞ്ഞ ദിവസം എന്റെ ഭർത്താവ് പുറത്തെടുത്ത പ്രകടനത്തെക്കുറിച്ച് പറയാൻ മറ്റനേകം വാക്കുകളും വാചകങ്ങളും നിങ്ങൾക്ക് ഉപയോഗിക്കാമായിരുന്നു. അതോ, താങ്കളുടെ കമന്ററിയിലേക്ക് എന്റെ പേരുകൂടി വലിച്ചിഴച്ചെങ്കിൽ മാത്രമേ അതിന് പ്രസക്തിയുള്ളെന്ന് കരുതുന്നുണ്ടോ?
2020 ആയിട്ടും ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവും സംഭവിച്ചില്ലല്ലോ എന്നാണ് എന്റെ അദ്ഭുതം. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതും ഇത്തരം മോശം പരാമർശങ്ങൾക്കും ഇരയാക്കുന്നതും എന്ന് അവസാനിക്കും?
ബഹുമാനപ്പെട്ട ഗാവസ്കർ, മാന്യൻമാരുടെ കളിയായ ക്രിക്കറ്റിൽ ഇന്നും ഏറ്റവും ഉയർന്നുനിൽക്കുന്ന നാമമാണ് താങ്കളുടേത്. താങ്കളുടെ ആ പരാമർശം കേട്ടപ്പോൾ ഇത്രയെങ്കിലും പറയണമെന്ന് തോന്നി – അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.