കാമുകിയ്ക്ക് താലിമാല വേണം, കയ്യില്‍ കാശുമില്ല; വഴിയാത്രക്കാരന്റെ കഴുത്തില്‍ നിന്ന് മൂന്നരപ്പവന്റെ മാല ബൈക്കിലെത്തി പൊടിച്ചെടുത്ത് യുവ കാമുകന്‍ !

തൃശൂർ: വിവാഹം കഴിക്കുന്നതിന് കാമുകിക്ക് താലിമാല വാങ്ങിനൽകാൻ കാൽ നടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂർ ധനീഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച തൃശൂരിലാണ് ബൈക്കിലെത്തിയ സംഘം മാല പിടിച്ചുപറിച്ചത്. പ്രണയത്തിലായ പാലക്കാട് സ്വദേശിനിയെ വിവാഹം കഴിക്കുന്നതിനു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് കൊടകരയിൽ വാടക വീട്ടിൽ താമസിപ്പിച്ചിരിക്കുകയുമായിരുന്നു ആഷിഖ്. പിന്നീട് ധനുഷുമൊത്ത് ബൈക്കിൽ താലിമാല വാങ്ങാൻ പണം തേടിയിറങ്ങി.
ഞായറാഴ്ച ഉച്ചയ്ക്ക് പെരുമ്പിള്ളിശേരി കാവിൽപാടം റോഡിൽ ആറ്റുപുറത്ത് രാമകൃഷ്ണൻ നടന്നുപോവുന്നതു കണ്ട പ്രതികൾ ബൈക്ക് നിർത്തി അദ്ദേഹത്തിന്റെ മാല പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പരാതി ലഭിച്ച പൊലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ധനീഷിന്റെ ഭാര്യയുടെ പേരിലുള്ളതാണു ബൈക്ക് എന്ന് തിരിച്ചറിഞ്ഞു. തുടർന്നു പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച മാല തൃശൂരിൽ വിറ്റ് ആ പണം ഉപയോഗിച്ച് ആഷിഖ് വാങ്ങിയ 2 പവന്റെ താലിമാലയും ബാക്കി പണവും പൊലീസ് കണ്ടെടുത്തു.