ഹോം സ്‌റ്റേയിലെ പതിവ് സന്ദര്‍ശകര്‍ തിരികെ പോയ ശേഷം മുറിയില്‍ കയറിയ ഉടമ കണ്ടത് 200, 500, 2000 രൂപയുടെ കള്ളനോട്ടുകള്‍

 ഹോം സ്‌റ്റേയിലെ പതിവ് സന്ദര്‍ശകര്‍ തിരികെ പോയ ശേഷം മുറിയില്‍ കയറിയ ഉടമ കണ്ടത് 200, 500, 2000 രൂപയുടെ കള്ളനോട്ടുകള്‍

പത്തനംതിട്ട: ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് നിർമ്മിക്കുന്ന സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. തിരുവല്ലയിലെ ഹോം സ്‌റ്റേയിൽ എത്തിയ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ സ്വദേശി സജിയാണ് (38) പൊലീസ് പിടിയിലായത്. കാസർകോട് സ്വദേശികൾ ഉൾപ്പെടുന്നവർ സംഘത്തിൽ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കാസർകോട്ട് നിന്നുള്ള കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12 അംഗ സംഘം കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയിൽ പതിവായി സന്ദർശനത്തിന് എത്തുമായിരുന്നു. സ്ഥിരം സന്ദർശകരായതിനാൽ ഉടമയ്ക്ക് സംശയം തോന്നിയില്ല. എന്നാൽ അവസാനമായി ഇവർ വന്നു പോയതിന് ശേഷം മുറി വൃത്തിയാക്കിയപ്പോൾ 200, 500, 2000 അടക്കമുള്ള നോട്ടുകളുടെ പേപ്പറുകൾ വേസ്റ്റ് ബിന്നിൽ നിന്നു ഹോം സ്റ്റേ ഉടമയ്ക്ക് ലഭിച്ചു. സംശയം തോന്നിയ ഉടമ ഇന്റലിജൻസിലെ ഒരു ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് സജി കോട്ടയത്ത് പിടിയിലായത്. പത്തനംതിട്ട എസ്‌എസ്ബി ഡിവൈഎസ്പി കെ. വിദ്യാധരൻ നൽകിയ റിപ്പോർട്ട് പ്രകാരമാണ് തിരുവല്ല പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കോവിഡ് പരിശോധനയ്ക്ക് ശേഷം സജിയെ തിരുവല്ലയിൽ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.