‘മരിച്ച് വീഴുകയാണെങ്കില്‍ എന്റെ ബാഗി ഗ്രീന്‍ ക്യാപ് വീഴാന്‍ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാള്‍ നല്ലൊരു ഇടമില്ല’

1986ലെ ചെന്നൈയിലെ ചൂടേറിയ ദിനങ്ങളിലൊന്ന്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണ് അന്ന് ഇവിടെ പിറന്നത്. ചരിത്രത്തില്‍ ഇടംനേടിയ ടൈഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 210 റണ്‍സ്!
ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. 1984 മുതല്‍ 1992 വരെയുള്ള കാലം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നിന്നിരുന്ന ഡീന്‍ ജോണ്‍സ് ഇന്ത്യക്കാരുടെ കണ്ണിലുടക്കിയത് 1986ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടൈഡ് ടെസ്‌റ്റോടെയാണ്…
ചെന്നൈ വേദിയായ ടെസ്റ്റില്‍ കനത്ത ചൂടില്‍ നിര്‍ജലീകരണത്തെ ഉള്‍പ്പെടെ അതിജീവിച്ചായിരുന്നു ഇരട്ട ശതകത്തോടെ ഹീറോയായത്. കളിയോടുള്ള പ്രണയത്തിന്റെ പേരില്‍ മരിച്ച് വീഴാനാണ് എങ്കില്‍ എന്റെ ബാഗി ഗ്രീന്‍ ക്യാപ്പ് വീഴാന്‍ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാള്‍ മികച്ച ഇടമില്ലെന്നാണ് ഒരിക്കല്‍ ചെന്നൈ ടെസ്റ്റിന്റെ ഓര്‍മ പങ്കുവെച്ച് പറഞ്ഞത്.
ഊര്‍ജം നഷ്ടപ്പെട്ട് ക്രീസില്‍ നില്‍ക്കുന്ന ക്ഷീണിതനായ അവസ്ഥയിലും, തലകറക്കവും, ഛര്‍ദിലും അലട്ടിയിട്ടും വിട്ടുകൊടുക്കാന്‍ തയ്യാറാവാതെയാണ് അന്ന് ഡീന്‍ ജോണ്‍സ് ക്രീസില്‍ നിന്നത്. ഇന്നിങ്‌സ് കഴിഞ്ഞതിന് പിന്നാലെ അവശനായ അദ്ദേഹത്തിന് ഡ്രിപ്പ് ഇടേണ്ട സാഹചര്യമെത്തി.
502 മിനിറ്റാണ് അന്ന് അദ്ദേഹം ക്രീസില്‍ നിന്നത്. നേരിട്ടത് 330 ഡെലിവറികള്‍. 27 ഫോറുകളും, രണ്ട് സിക്‌സും അന്ന് ഡീന്‍ ജോണ്‍സിന്റെ ബാറ്റില്‍ നിന്ന് വന്നു. ഓസീസ് സ്‌കോര്‍ 460ല്‍ നില്‍ക്കെയാണ് മൂന്നാമനായി ഇറങ്ങിയ ജോണ്‍സിനെ അന്ന് ഇന്ത്യക്ക് പുറത്താക്കാനായത്.