പ്രണയ് ദുരഭിമാനക്കൊലയ്ക്ക് സമാനമായ സംഭവം വീണ്ടും; വിവാഹം കഴിഞ്ഞ് വെറും മൂന്നുമാസമായപ്പോൾ 26കാരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി കൊന്നു

 പ്രണയ് ദുരഭിമാനക്കൊലയ്ക്ക് സമാനമായ സംഭവം വീണ്ടും; വിവാഹം കഴിഞ്ഞ് വെറും മൂന്നുമാസമായപ്പോൾ 26കാരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി കൊന്നു

ഹൈദരാബാദ്: രണ്ടുവർഷം മുമ്പ്, 2018ൽ, തെലങ്കാനയിൽ നടന്ന പ്രണയ് ദുരഭിമാനക്കൊലയ്ക്ക് സമാനമായ സംഭവം വീണ്ടും. വിവാഹം കഴിഞ്ഞ് വെറും മൂന്നുമാസമായപ്പോൾ 26കാരനായ യുവാവിനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് സൈബരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചന്ദനഗർ സ്വദേശിയായ ഹേമന്ത് ആണ് ഭാര്യവീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. ഹൈദരാബാദിൽ ഇന്റീരിയർ ഡിസൈനർ ആയി ജോലി ചെയ്തു വരികയായിരുന്നു ഹേമന്ത്. എട്ടു വർഷം മുമ്പാണ് ഹൈദരാബാദ് സ്വദേശിയായ അവന്തിയുമായി ഹേമന്ത് പ്രണയത്തിലായത്.എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാരുടെ തീരുമാനത്തിന് വിരുദ്ധമായി 2020 ജൂൺ 11ന് ഇരുവരും വിവാഹിതരായി. ഖുത്ത്ബുള്ളാപുരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം.

വിവാഹത്തിനു ശേഷം തങ്ങളുടെ ജീവിതത്തിനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഇരുവരും പൊലീസിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് കുടുംബാംഗങ്ങൾക്ക് കൗൺസിലിങ് നൽകുകയും ചെയ്തു. സൈദരാബാദിലെ ഗാചിബോവ്ളിയിലെ ടിഎൻജിഒ കോളനിയിൽ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഹേമന്തിനെയും അവന്തിയെയും ഗാചിബോവ്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോകലിൽ നിന്ന് വിദഗ്ദമായി രക്ഷപ്പെട്ട പെൺകുട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പക്ഷേ, സംഗാറെഡ്ഡിയിലെ പ്രാന്തപ്രദേശമായ കിഷ്ടയാഗുടത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് ക്രൂരമായി കൊന്ന നിലയിൽ ഹേമന്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ സൈദരാബാദ് പൊലീസ് കേസ് ഫയൽ ചെയ്തു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ മധാപുർ ഡിസിപി സിപി വിസി സജ്ജനാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവന്തി റെഡ്ഡിയുടെ അച്ഛനും അമ്മാവൻമാരും ചേർന്ന് ഹേമന്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുക ആയിരുന്നെന്ന് മധാപുർ ഇൻചാർജ് ആയ ഡിസിപി എം. വെങ്കടേശ്വർലു പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരെ കസ്റ്റഡിയിൽ എടുത്തു.