ഭക്തനായ കള്ളന്‍! ആദ്യം കാണിക്കയിട്ടു, ശേഷം ഭണ്ഡാരം കവര്‍ന്ന് കളളന്‍; അമ്പലത്തിലെ പാര യഥാസ്ഥലത്ത് വച്ച് മടക്കം

 ഭക്തനായ കള്ളന്‍!  ആദ്യം കാണിക്കയിട്ടു, ശേഷം ഭണ്ഡാരം കവര്‍ന്ന് കളളന്‍; അമ്പലത്തിലെ പാര യഥാസ്ഥലത്ത് വച്ച് മടക്കം

കണ്ണൂര്‍: ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കള്ളന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. കാണിക്കയിട്ട ശേഷം കളളന്‍ ഭണ്ഡാരം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പുറക്കളം കോട്ടയം തിരൂര്‍ക്കുന്ന് മഹാഗണപതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ച നടത്തിയയാളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാവ് ക്ഷേത്ര പരിസരത്ത് എത്തിയത്. രണ്ട് തവണ ക്ഷേത്രത്തിന് മുന്നിലെത്തി നിരീക്ഷണം നടത്തിയ ശേഷം മുന്‍വശത്തെ ഗേറ്റ് ചാടി കടന്ന് ചുറ്റുമതിലിനു ഉള്ളില്‍ പ്രവേശിച്ചു.

ക്ഷേത്രത്തിനു അകത്തു ഉണ്ടായിരുന്ന പാര കൊണ്ട് ഒരു ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു. തുടര്‍ന്ന് ക്ഷേത്ര പരിസരം നിരീക്ഷിച്ച ശേഷം മറ്റൊരു ഭണ്ഡാരത്തിന്റെ പൂട്ടും തകര്‍ത്ത് അതില്‍ നിന്നു പണം കവര്‍ന്നു.ഒരു ഭണ്ഡാരപ്പെട്ടിയില്‍ നിന്നു പണം കവര്‍ന്ന ശേഷം മറ്റൊരു ഭണ്ഡാരപ്പെട്ടിയില്‍ കാണിക്ക സമര്‍പ്പിച്ചാണ് ആ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയത്. ഇതിന് പുറമേ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച പാര യഥാസ്ഥാനത്ത് കൊണ്ടു വയ്ക്കുകയും ചെയ്തു.

50 മിനിറ്റ് ഓളം ക്ഷേത്രത്തില്‍ ചെലവഴിച്ച മോഷ്ടാവ് വന്ന വഴിയിലൂടെ തന്നെയാണ് തിരിച്ചു പോയത്. ഒരു ഭണ്ഡാരത്തിന്റ പൂട്ട് ക്ഷേത്ര പരിസരത്തെ ആല്‍മരത്തിന്റെ ചുവട്ടില്‍ നിന്നും കണ്ടെത്തി. ക്ഷേത്രത്തിന് പിന്‍വശത്തെ ഒരു വീടിന്റെ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ എന്ന് കരുതുന്ന ചെരിപ്പ്, തോര്‍ത്തുമുണ്ട് എന്നിവ കണ്ടെത്തി.