കൊവിഡ് മൂര്‍ച്ഛിച്ച് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ബോധംകെട്ട നിലയില്‍ യുവാവ്; സഹായത്തിനായി കേണപേക്ഷിച്ച് അമ്മ, നാട്ടുകാര്‍ വെറുതെ നോക്കിനിന്നപ്പോള്‍ രക്ഷകനായി അവതരിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

മലപ്പുറം: കാറിൽ ബോധരഹിതനായ യുവാവിന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ. മലപ്പുറം വേങ്ങര സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ അനീഷാണ് ഒതുക്കുങ്ങൽ സ്വദേശിയായ യുവാവിന് സഹായവുമായെത്തിയത്. നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
കഴിഞ്ഞദിവസം ഇരിങ്ങല്ലൂർ കുറ്റിത്തറ പെട്രോൾ പമ്പിനു സമീപം രാവിലെയാണ് സംഭവം. പമ്പിന് സമീപം ആൾക്കൂട്ടം കണ്ട് നോക്കാൻ പോയതാണ് അനീഷ്. കോട്ടയ്ക്കലിൽനിന്നു വേങ്ങരയിലേക്കു ബൈക്കിൽ പോവുകയായിരുന്നു അനീഷ്. പെട്രോൾ അടിക്കാനായി എത്തിയ കാറിലെ ഡ്രൈവിങ് സീറ്റിൽ ഒരു യുവാവ് ബോധരഹിതനായി കിടക്കുന്നു. യുവാവിന്റെ കൂടെയുള്ള മാതാവ് കരഞ്ഞു പറഞ്ഞെങ്കിലും ആരും സഹായിക്കാൻ മുതിർന്നില്ല.
ബാസിൽ മുഹമ്മദ് എന്ന നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ യുവാവിന് പോസിറ്റീവാണെന്നും കോവിഡ് ബാധയുടെ മൂർധന്യത്തിലാണ് ബോധരഹിതനായതെന്നും കണ്ടെത്തി. യുവാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനീഷും ബാസിൽ മുഹമ്മദും സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ചു.