കയ്യിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് പ്രണവിന്റെ തലയിലും ശരീരത്തിലും മുറിവേൽപ്പിച്ചിരുന്നു; കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ ഒരുമിച്ചു മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

 കയ്യിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് പ്രണവിന്റെ തലയിലും ശരീരത്തിലും മുറിവേൽപ്പിച്ചിരുന്നു; കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ ഒരുമിച്ചു മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

കൊച്ചി: വൈപ്പിൻ ചെറായിയിൽ പ്രണവിനെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ ഒരുമിച്ചു മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ. പള്ളത്താംകുളങ്ങര ബീച്ചിന് സമീപമെത്തിയ പ്രണവിനെ പ്രതികള്‍ നാലുപേരും ചേർന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശീമക്കൊന്ന വടികളാണു പ്രതികളുടെ കൈവശമുണ്ടായിരുന്നത്. വടിയുടെ ഭാഗങ്ങൾ മൃതദേഹത്തിനടുത്തു നിന്നു ലഭിച്ചിരുന്നു.

തലയുടെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതികൾ സ്ഥലം വിട്ടു. കയ്യിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് പ്രണവിന്റെ തലയിലും ശരീരത്തിലും മുറിവേൽപ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു കൊലപാതകം. ചെമ്മീൻകെട്ടിൽ കത്തിയെറിഞ്ഞ സ്ഥലം പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനൽ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തിൽ ആയതോടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. പെൺകുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാൻ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു.